ഡോണ്‍ബോസ്കോ വജ്രജൂബിലി; സമാപനം അഞ്ച്, എട്ട് തീയതികളില്‍
1375989
Tuesday, December 5, 2023 6:29 AM IST
ഇരിങ്ങാലക്കുട: കേരളത്തിലെ ആദ്യ ഡോണ്‍ ബോസ്കോ സ്കൂളായ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം അഞ്ച്, എട്ട് തീയതികളില്‍ ആഘോഷിക്കുമെന്ന് റെക്ടറും ആഘോഷക്കമ്മിറ്റി ചെയര്‍മാനുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍, ജനറല്‍ കണ്‍വീനര്‍ പോള്‍ ജോസ് തളിയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് ഡോണ്‍ ബോസ്കോ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കുടുംബസംഗമം പൂര്‍വ വിദ്യാര്‍ഥിയും നടനുമായ ടോവിനോ തോമസ് ഉദ്ഘാടനംചെയ്യും. സ്വഭാവനടിക്കുള്ള 2021ലെ സംസ്ഥാന ഫിലിം അവാര്‍ഡ് നേടിയ നടി ശ്രീരേഖ വിശിഷ്ടാതിഥി യായിരിക്കും. റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷതവഹിക്കും. ഫാ. സന്തോഷ് മണിക്കൊമ്പില്‍, ഫാ. മനു പീടികയില്‍, സെബി മാളിയേക്കല്‍, ശിവപ്രസാദ് ശ്രീധരന് എന്നിവര്‍ പ്രസംഗിക്കും. രക്ഷാകര്ത്താക്കള്, അധാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ വിവിധ കലാപരിപാടികള്‍ നടക്കും.
ഗ്രാന്ഡ്ഫിനാലെയായ എട്ടിന് വൈകിട്ട് 5.30ന് ചേരുന്ന സമാപന ആഘോഷം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. ഡോണ്‍ ബോസ്കോ സലേഷ്യന്‍ സഭയുടെ ബംഗളൂരു പ്രവശ്യയുടെ പ്രൊവിന്‍ഷ്യാള്‍ ഡോ. ജോസ് കോയിക്കല്‍ എസ്ഡിബി അധ്യക്ഷതവഹിക്കും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തും. ജില്ല റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ വിശിഷ്ടാതിഥി ആയിരിക്കും. ജൂബിലിയുടെ ഭാഗമായി നിര്‍ധന കുടുംബത്തിന് പണിത വീടിന്റെ താക്കോല്‍ദാനം കര്‍ദിനാള്‍ നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ മേരികുട്ടി ജോയ്, പിടിഎ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ ആശംസകളര്‍പ്പിക്കും.
റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ സ്വാഗതവും ജൂബിലി ജനറല്‍ കണ്‍വീനര്‍ പോള്‍ ജോസ് തളിയത്ത് നന്ദിയും പറയും. തുടര്‍ന്ന് കലാഭവന്‍ ജോഷിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ ഉണ്ടായിരിക്കും. ഫാ. സന്തോഷ് മണിക്കൊമ്പില്‍, ഫാ. മനു പീടികയില്‍, ഫാ. ജോയ്സണ്‍ മുളവരിക്കല്‍, ഫാ. ജോസിന് താഴത്തെട്ട്, സിസ്റ്റര്‍ വി.പി. ഓമന, സെബി മാളിയേക്കല്‍, ടെല്‍സന്‍ കോട്ടോളി, ശിവപ്രസാദ് ശ്രീധരന്, സിബി പോള്‍ അക്കരക്കാരന്‍, ലൈസ സെബാസ്റ്റ്യന്‍, പി.ടി. ജോര്‍ജ് എന്നിവരും പത്രമ്മേളനത്തില്‍ പങ്കെടുത്തു.