ലൈഫ് ഭവനപദ്ധതി നിയമപ്രശ്നങ്ങൾ പരിശോധിച്ചശേഷമെന്ന്
1375988
Tuesday, December 5, 2023 6:29 AM IST
മുളങ്കുന്നത്തുകാവ് (തൃശൂർ): ലൈഫ് ഭവനപദ്ധതി പൂർത്തിയാക്കണമെന്നാണു സർക്കാരിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ നവകേരള സദസിനു മുന്നോടിയായി കിലയിൽ നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ ലൈഫ് പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കാൻ തയാറായവരും പദ്ധതി പൂർത്തിയാക്കണമെന്ന് അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിശോധിച്ചശേഷമേ നിലപാട് എടുക്കാനാകൂ. പദ്ധതി ഏങ്ങനെ ഇല്ലാതാക്കാമെന്നതിനുള്ള ശ്രമമായിരുന്നു ലൈഫ് മിഷന് എതിരായുള്ള നീക്കങ്ങൾ. അതുകൊണ്ടാണതു പ്രതിസന്ധിയിലായി കിടക്കുന്നത്.
സംസ്ഥാന സർക്കാർ ഫണ്ടുകൾ നൽകുന്നില്ല എന്നു തെറ്റായി പറയുന്ന കുറ്റപത്രക്കാർ തദ്ദേശസ്ഥാപനങ്ങൾക്കു നൽകേണ്ട കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് കേരളത്തിനു കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ച് മിണ്ടുന്നില്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിനു കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ശിപാർശ ചെയ്തതുതന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറഞ്ഞ നിരക്കിലാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കു യോജിക്കുന്നതും കേരളത്തിന്റെ സാഹചര്യത്തിൽ അനുയോജ്യവുമല്ലാത്ത പല നിബന്ധനകളും ഉൾപ്പെടുത്തിയാണു ഗ്രാന്റ് അനുവദിക്കുന്നത്. അതിൽ പ്രതിപക്ഷത്തിന് അഭിപ്രായമില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
തദ്ദേശസ്ഥാപനങ്ങൾക്കു നൽകേണ്ട തുക യഥാസമയം നൽകിയിട്ടില്ല എന്നാണ് മറ്റൊരു ആക്ഷേപം. ഇന്ത്യയിൽ ഏറ്റവുമധികം ശതമാനം തുക തദ്ദേശസ്ഥാപനങ്ങൾക്കു നൽകുന്ന സംസ്ഥാനമാണ് കേരളം.