കരിങ്കൊടി പ്രതിഷേധം
1375987
Tuesday, December 5, 2023 6:29 AM IST
തൃശൂർ: മുഖ്യന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ജില്ലയിലെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ്- കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വിയ്യൂർ പവർ ഹൗസിന് സമീപം നടന്ന പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മനു പള്ളത്ത്, മണ്ഡലം പ്രസിഡന്റ് സൗരഗ്, മണ്ഡലം ഭാരവാഹികളായ രാഗീത്, ജോമൺ, വിനീഷ്, രാഹുൽ എന്നിവർ നേതൃത്വം നൽകി.
ചെറുതുരുത്തിയിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടിയത്.
വാഴക്കോട് പത്തോളം പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് പാഞ്ഞാൾ, ഗണേഷ് ആറ്റൂർ, യു. അബ്ദുള്ള, ശ്രീജിത്ത് മായന്നൂർ, സാരംഗ് തിരുവില്വാമല, ധനീഷ് പഴയന്നൂർ തുടങ്ങിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടിയത്.
എരുമപ്പെട്ടി കരിയന്നൂരിൽ കരിങ്കൊടി കാണിക്കാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കിലാക്കി. കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് എൻ.കെ. കബീർ, ബ്ലോക്ക് സെക്രട്ടറി പി.എസ്. സുനീഷ്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, പഞ്ചായത്ത് മെമ്പർ എം.സി. ഐജു തുടങ്ങി പതിനഞ്ചോളം പേരെയാണ് കുന്നംകുളം എസിപി സി.ആർ. സന്തോഷ് എസ്ഐമാരായ കെ. അനുദാസ് ടി.സി. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ കരുതൽ തടങ്കിലാക്കിയത്. പന്നിത്തടത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് മുൻ കരുതലായി അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പലിശേരി, ഹഖീം പള്ളിക്കുളം എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
പ്രതിഷേധം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് വഴിയോരങ്ങളിൽ നിരവധി പോലീസ് സന്നാഹം ഒരുക്കിയിരുന്നു. ഇതിനിടയിൽ ആയിരുന്നു 15 ഓളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധവുമായി നീങ്ങിയത്. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രവർത്തകരെ ഉടനെ സ്ഥലത്തെത്തിയ പോലീസ് നീക്കം ചെയ്തു.
വടക്കഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ് ഒ. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ മിണാലൂരിലാണ് കരിങ്കൊടികാട്ടിയത്. ഇവരെ പിന്നീട് വടക്കാഞ്ചേരിയിലെ നവകേരള സദസ് ആരോഗ്യസർവകലാശാലയിൽ അവസാനിക്കുന്നതുവരെ വടക്കാഞ്ചേരി പോലീസ് കരുതൽ തടങ്കലില് പാർപ്പിച്ചു.