നവകേരളം...ഐക്യം നിലനിർത്താൻ ഒന്നിക്കണം: മുഖ്യമന്ത്രി
1375986
Tuesday, December 5, 2023 6:29 AM IST
കുന്നംകുളം: സംസ്ഥാനത്തിന്റെ ഒരുമയും ഐക്യവും നിലനിർത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും വികസന കാഴ്ചപ്പാടോടെ മാത്രം മുന്നോട്ടു പോകുന്ന സർക്കാരിന് എല്ലാവിധ ജനങ്ങളുടെയും പിന്തുണ വേണമെന്നും കുന്നംകുളത്തെ നവ കേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിജെപിയെ കടന്നാക്രമിച്ചുകൊണ്ട് പ്രസംഗം നടത്തിയ മുഖ്യമന്ത്രി സംസ്ഥാനത്തിന് ലഭിക്കേണ്ടതായ ഫണ്ടുകൾ തടയുന്നതിനെപ്പറ്റി വീണ്ടും കേന്ദ്രത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു. പാർലമെന്റിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാതെ മിണ്ടാതിരിക്കുന്ന ആൾക്കൂട്ടമായി യുഡിഎഫിന്റെ 18 എംപിമാർ മാറിയെന്ന കുറ്റപ്പെടുത്തൽ മാത്രമാണ് യുഡിഎഫിനെതിരെ മുഖ്യമന്ത്രി സദസിൽ പറഞ്ഞത്.
വിമർശനങ്ങൾ ഏറെയും കേന്ദ്രസർക്കാരിന് എതിരെയായിരുന്നു. സംസ്ഥാനത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്രം തയ്യാറാകാത്ത അവസ്ഥയാണ് ഇന്ന്. സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധിയും കുറച്ചിരിക്കുകയാണ്.
ഇത് പലവിധ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് നവകേരള സദസിന്റെ പ്രാധാന്യം നാട്ടിലെ മുഴുവൻ ജനങ്ങൾക്കും മനസിലായെങ്കിലും ചില യുഡിഎഫ് എംഎൽഎമാർ വിട്ടുനിൽക്കുന്നതിൽ അവർക്ക് വീണ്ടുവിചാരം ഉണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചിന് കുന്നംകുളത്ത് എത്തും എന്ന് അറിയിച്ചിരുന്ന യാത്ര മുക്കാൽ മണിക്കൂറോളം വൈകിയാണ് എത്തിയത്.
അരമണിക്കൂർ മുന്പ് മന്ത്രിമാരായ ചിഞ്ചു റാണി, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ എന്നിവർ സദസിന്റെ കുന്നംകുളത്തെ വേദിയിൽ എത്തിയിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയത്. 40 മിനിറ്റോളം കുന്നംകുളത്ത് ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും സംഘവും ചാവക്കാട്ടേക്ക് തിരിച്ചത്.
കുന്നംകുളം പട്ടാമ്പി റൂട്ടിൽ ചെറുവത്തൂർ ഗ്രൗണ്ടിലാണ് കൂറ്റൻ പന്തൽ ഒരുക്കിയിരുന്നത്. ഉച്ച മുതൽ പരാതിളും മറ്റും സ്വീകരിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. വിവിധ തരത്തിലുള്ള അപേക്ഷകളും പരാതികളും ആവശ്യങ്ങളും ഉൾപ്പെടെ അയ്യായിരത്തോളം എണ്ണം സദസിന്റെ ഭാഗമായി കുന്നംകുളത്തു നിന്ന് മാത്രം ലഭിച്ചിട്ടുണ്ട്.