ഒല്ലൂർ ഫൊറോന പള്ളിയിൽ ഇടവക സീനിയേഴ്സ് ഡേ ആഘോഷിച്ചു
1375985
Tuesday, December 5, 2023 6:28 AM IST
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളി സെന്റ് വിൻസെന്റ് ഡി പോൾ സംഘം കഴിഞ്ഞ 30 വർഷമായി ഒന്നിടവിട്ട വർഷങ്ങളിൽ നടത്തിവരുന്ന എഴുപതുവയസ് കഴിഞ്ഞവരുടെ സംഗമം ഇടവക സീനിയേഴ്സ്ഡേ വിവിധ പരിപാടികളോടെ നടത്തി. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. മെത്രാഭിഷേക സുവർണജൂബിലിയും 94-ാം ജന്മദിനവുമാഘോഷിക്കുന്ന മാർ ജേക്കബ് തൂങ്കുഴിക്ക് സംഘടനയുടെ ഉപഹാരവും പൊന്നാടയും ഫാ. ചിറ്റിലപ്പിള്ളി സമ്മാനിച്ചു. റവ. ഡോ. വിൻസെന്റ് കുണ്ടുകുളം മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റി പോളി മുക്കാട്ടുകരക്കാരൻ, പ്രസിഡന്റുമാരായ ജോസ് കൂത്തൂർ, നിമ്മി റപ്പായി, ജനറൽ കൺവീനർ ബേബി മൂക്കൻ, ജെ.എഫ്. പൊറുത്തൂർ എന്നിവർ പ്രസംഗിച്ചു. ലൂയി കണ്ണമ്പുഴ, എം.ആർ. മേരി എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.അംഗത്വ രജത ജൂബിലിയാഘോഷിച്ച നിജോ ജോസിന് ഉപഹാരം സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. നേരത്തെ നടന്ന വിശുദ്ധ കുർബാനയ്ക്കും ഗാനാലാപനത്തിനും റവ. ഡോ. പോൾ പൂവത്തിങ്കൽ നേതൃത്വം നൽകി.
പരിപാടികൾക്ക് വിൻസൺ അക്കര, ജെറിൻ ജോർജ്, ബിന്റോ ഡേവീസ്, സി.ആർ. ഗിൽസ്, എം.ആർ. ജോഷി, ഡെൽസൺ ഡേവീസ്, എ.ജെ. ജോയ്, പ്രിൻസി പിന്റോ, ജോസ് കോനിക്കര തുടങ്ങിയവർ നേതൃത്വം നല്കി.