കുളത്തിൽ മുങ്ങിത്താഴ്ന്ന കൂട്ടുകാരനെ മുങ്ങിയെടുത്ത് ദേവാനന്ദ്
1375984
Tuesday, December 5, 2023 6:28 AM IST
അന്തിക്കാട്: കുളത്തിൽവീണ് മുങ്ങിത്താഴ്ന്ന കൂട്ടുകാരനെ രക്ഷിച്ച എട്ടാംക്ലാസ് വിദ്യാർഥി നാടിന് അഭിമാനമായി.
മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രക്കുളത്തിൽ അപകടത്തിൽപ്പെട്ട മുറ്റിച്ചൂർ കാഞ്ഞിരത്തിൽ ആഷിക്ക് ഹേമന്തിനെയാണ് ഒപ്പമുണ്ടായിരുന്ന മുറ്റിച്ചൂർ കാരയിൽ ദേവാനന്ദ് ബിജോയ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
അന്തിക്കാട് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ ദേവാനന്ദും പുത്തൻപീടിക ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായ ആഷിക്കും പന്തുകളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആഷിക്കിന്റെ കാലിൽ പറ്റിയ ചെളി കഴുകാനുള്ള ശ്രമത്തിനിടയിൽ അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നു. നീന്തലറിയാത്ത ആഷിക്ക് ക്ഷണനേരംകൊണ്ട് താഴ്ന്നുപോയി.
കൈകൾ മാത്രം പുറത്തേക്ക് നിൽക്കുന്നത് കണ്ടതോടെ ദേവാനന്ദ് മറ്റൊന്നും ചിന്തിക്കാതെ ചാടി കൂട്ടുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ദേവാനന്ദിന് നീന്തൽ അറിയാവുന്നതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.