വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ ആലിന്റെ കൊമ്പ് ഒടിഞ്ഞുവീണു
1375980
Tuesday, December 5, 2023 6:28 AM IST
തൃശൂർ: വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ നായ്ക്കനാലിലെ കൂറ്റൻ ആൽമരത്തിന്റെ കൊമ്പ് പിളർന്നുവീണു. അപകടത്തിൽ സുരക്ഷാ ജീവനക്കാരന് പരിക്ക്. സുരക്ഷാ ജീവനക്കാരൻ ജയനാരായണനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2.20ഓടെയാണ് അപകടം. നൂറ്റാണ്ട് പഴക്കമുള്ളതാണ് നായ്ക്കനാലിലെ ആൽമരം. അപകടാവസ്ഥ പ്രകടമായിരുന്നില്ല. ശക്തമായ കാറ്റും ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി മരക്കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജയനാരായണന്‍ മരക്കൊമ്പ് ഒടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഓടി മാറുമ്പോഴേക്കും ശരീരത്തിലേക്ക് വീണു. ജയനാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ പൂരത്തിനടക്കം നായ്ക്കനാൽ പ്രധാന കേന്ദ്രമാണ്. വടക്കുന്നാഥനിലേക്കും തേക്കിൻകാട് മൈതാനിയിലേക്കും പ്രവേശിക്കുന്ന പ്രധാന കവാടങ്ങളിലൊന്ന് കൂടിയാണ് നായ്ക്കനാൽ. മണ്ഡലകാലവും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസും നടക്കുന്നതിനാൽ തിരക്കിന്റെ ദിവസം കൂടിയാണ്.
തൃശൂർ മണ്ഡലത്തിൽ ഇന്ന് നടക്കുന്ന നവകേരള സദസിന്റെ വേദി തക്കിൻകാട് മൈതാനമാണ്. മരക്കൊന്പ് ഒടിഞ്ഞു വീഴുന്പോൾ മറ്റ് ആളുകളൊന്നും സമയത്ത് ഇല്ലാതിരുന്നതിനാൽ വൻ അപകടമൊഴിവായി. ഇവിടെ ഇരുചക്രവാഹനങ്ങളടക്കം ഇരുന്നിരുന്നു. വാഹനങ്ങൾക്ക് മുകളിലേക്കാണ് മരക്കൊന്പ് വീണത്. മാസങ്ങൾക്ക് മുമ്പാണ് ശ്രീമൂല സ്ഥാനത്തെയും ആൽമരക്കൊന്പ് ഒടിഞ്ഞുവീണത്.