നവകേരള സദസിന് ഇന്ന് ജില്ലയിൽ തുടക്കം
1375690
Monday, December 4, 2023 2:02 AM IST
തൃശൂർ: നാലു ദിവസങ്ങളിലായി ജില്ലയിലെ 13 മണ്ഡലങ്ങളിൽ നവകേരള സദസുകൾ നടക്കും. ആദ്യ മൂന്നു ദിനങ്ങളിൽ നാലുവീതം മണ്ഡലങ്ങളിലും സമാപന ദിവസം ഒരു മണ്ഡലത്തിലുമാണ് പര്യടനം. രണ്ട് പ്രഭാത സദസുകൾ ഉൾപ്പെടെ 15 പരിപാടികളിലായി മുഖ്യമന്ത്രിയും 20 മന്ത്രിമാരും ജനങ്ങളുമായി സംവദിക്കും.
ഇന്നു രാവിലെ ഒമ്പതിന് അത്താണി കിലയിൽ പ്രഭാത സദസോടെയാണ് തുടക്കം. 11ന് ചേലക്കര മണ്ഡലം നവകേരള സദസ് ചെറുതുരുത്തി ജിഎച്ച്എസ്എസ് മൈതാനിയിൽ നടക്കും. മൂന്നിന് മുളങ്കുന്നത്തുകാവ് ആരോഗ്യ സർവകലാശാല ഒപി ഗ്രൗണ്ടിൽ വടക്കാഞ്ചേരി മണ്ഡലം, 4.30ന് ചെറുവത്തൂർ ഗ്രൗണ്ടിൽ കുന്നംകുളം മണ്ഡലം, ആറിന് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ ഗുരുവായൂർ മണ്ഡലം നവകേരള സദസുകൾ നടക്കും.
ഓരോ നവകേരള സദസിനും നിവേദനം സ്വീകരിക്കാൻ 20ൽപരം കൗണ്ടറുകൾ ഒരുക്കും. സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും. പരിപാടി തുടങ്ങുന്നിനു മൂന്നുമണിക്കൂർ മുമ്പു നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും.
പരാതി പരിശോധിച്ച് ജില്ലാതല ഉദ്യോഗസ്ഥർ 15 ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകർക്കു മറുപടി നൽകാനാണു തീരുമാനം.
തൃശൂർ തേക്കിൻകാട് മൈതാനിയിലെ നവകേരള സദസ് ഒരുക്കങ്ങൾ ജില്ല കളക്ടർ വി.ആർ. കൃഷ്ണതേജ, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ എന്നിവർ വിലയിരുത്തി.