ഭിന്നിച്ചു തളരാതെ ഒന്നിച്ചു മുന്നേറുക: മാര്‍ കണ്ണൂക്കാടന്‍
1375689
Monday, December 4, 2023 2:02 AM IST
കൊടുങ്ങല്ലൂര്‍: ഭിന്നിച്ചുതളരാതെ ഒന്നിച്ചുനിന്നു മുന്നോട്ടുപോകാന്‍ ക്രൈസ്തവസമൂഹം തയാറാവണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട രൂപതനടത്തിയ കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ഥാടനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. വ്യക്തികളും സമൂഹങ്ങളും സഭകളും തമ്മിലുള്ള ഐക്യവും കൂട്ടായ്മയും മുമ്പത്തേക്കാളേറെ ആവശ്യമായ കാലമാണിത്. വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരാനുള്ള ആഹ്വാനമാണ് ഓരോ തീര്‍ഥാടനവും. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സംതൃപ്തിയുടെയും വക്താക്കളായി ഓരോ ക്രൈസ്തവനും മാറണം.
ക്രിസ്തുവിന്റെ സുവിശേഷവുമായി കേരളത്തില്‍ എത്തിച്ചേര്‍ന്ന മാര്‍തോമാശ്ലീഹായുടെ പാരമ്പര്യമാണ് നമ്മില്‍ കത്തിജ്വലിക്കുന്നത്. തോമാശ്ലീഹാ പകര്‍ന്നു നല്കിയ വിശ്വാസ പാരമ്പര്യത്തിന്റെ തനിമ കാത്തുസൂക്ഷിക്കാനും അതില്‍ ആഴപ്പെടാനും സ്നേഹത്തില്‍ സമ്പന്നരാകാനും നമുക്കു സാധിക്കണം.
പരിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് ക്രിസ്തുവിനോടുചേര്ന്ന് നിന്നുകൊണ്ടുള്ള കൂട്ടായ്മയില്‍ നാം കരുത്താകണം. ലോകം മുഴുവനിലും സമാധാനവും ഐക്യവുംസംജാതമാകാന് മാര്‍തോമാ തീര്‍ഥാടനം സമര്‍പ്പിക്കുന്നതായി ബിഷപ് വ്യക്തമാക്കി.