കുന്നംകുളത്ത് ലോറി മറിഞ്ഞ് അപകടം
1375176
Saturday, December 2, 2023 2:07 AM IST
കുന്നംകുളം: ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട് ലോറി റോഡിൽ മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം - തൃശൂർ റോഡിൽ ബദനി സ്കൂളിന് സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം.
പൊള്ളാച്ചിയിൽ നിന്നും പച്ചക്കറി കയറ്റി വരികയായിരുന്നു തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി. കേച്ചേരിയിൽ പച്ചക്കറി ഇറക്കുന്നതിനായി പോവുകയായിരുന്നു. എതിർശയിൽ വന്നിരുന്ന കാറുമായി ഇടിക്കുകയും നിയന്ത്രണം വിട്ട് മറിയുകയും ആയിരുന്നു. ലോറിയുടെ പിറകുവശത്തെ ചക്രങ്ങളുടെ ആക്സിൽ ഉൾപ്പെടെ ഊരിത്തെറിച്ചു.
പച്ചക്കറികളും ലോറിയുടെ ഓയിലും മറ്റും റോഡിൽ പരന്ന അപകടാവസ്ഥയുണ്ടായി. കുന്നംകുളം ഫയർഫോഴ്സ്, പോലീസ് എന്നിവർ സ്ഥലത്തെത്തിയാണ് അപകടസ്ഥിതികൾ പരിഹരിച്ചത്. കാർ യാത്രക്കാരുടെ പരിക്കുകൾ സാരമുള്ളതല്ല.