നവകേരള സദസിനൊരുക്കം
1375174
Saturday, December 2, 2023 2:07 AM IST
ഗുരുവായൂർ മണ്ഡലം
ഒരുങ്ങി
ചാവക്കാട്: തിങ്കളാഴ്ച വൈകീട്ട് കൂട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന നവകേരളസദസിനായി ഗുരുവായൂർ മണ്ഡലം ഒരുങ്ങിയെന്ന് എൻ.കെ. അക്ബർ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. നവകേരളസദസിൽ പൊതുജനങ്ങൾക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും എംഎൽഎ അറിയിച്ചു. ഗുരുവായൂർ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ചരിത്രം ഉൾക്കൊള്ളിച്ച് നവം എന്ന പേരിൽ സുവനീർ പ്രകാശനംചെയ്യും. ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായിരിക്കും.
പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും തിങ്കളാഴ്ച രാവിലെ 10 മുതൽ 5.30 വരെ ചാവക്കാട് ബസ് സ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിൽ തയ്യാറാക്കിയ 20 കൗണ്ടറുകളിൽ നൽകാം. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഉണ്ടായിരിക്കും. മുഖ്യമന്ത്രിയുടെ പൊതുയോഗത്തിനു ശേഷവും പരാതികളും അപേക്ഷകളും സ്വീകരിക്കും.
സർക്കാരിന്റെയും ഗുരുവായൂർ മണ്ഡലത്തിന്റെയും വികസനങ്ങൾ ഉൾപ്പെടുത്തി ചിത്രപ്രദർശനം ഇന്ന് വൈകീട്ട് അഞ്ചുമുതൽ കൂട്ടുങ്ങൽ ചത്വരത്തിൽ ഉണ്ടായിരിക്കും. പ്രദർശനം സിനിമാനടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനംചെയ്യും. തിങ്കളാഴ്ച വൈകീട്ട് നാലുമുതൽ പഞ്ചവാദ്യം, മാപ്പിളപ്പാട്ട് എന്നീ കലാപരിപാടികളും പൊതുയോഗത്തിനുശേഷം രാജേഷ് ചേർത്തലയുടെ ഫ്ലൂട്ട് ഫ്യൂഷനും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ വിജിത സന്തോഷ്, ഗീതു കണ്ണൻ, ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക്, എഇഒ കെ.ആർ. രവീന്ദ്രൻ, പബ്ലിസിറ്റി കൺവീനർ എം.വി. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സൗജന്യ മെഡിക്കൽ ക്യാമ്പ്
സംഘടിപ്പിച്ചു
പഴയന്നൂർ: ചെറുതുരുത്തിയിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചരണാർഥം കൊണ്ടാഴി പഞ്ചായത്തുതല സംഘാടകസമിതിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് യു.ആർ. പ്രദീപ് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ സത്യഭാമ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ. പ്രേമലത, എ. രമാദേവി, വി.കെ. ബിജു, ഡോ. ഇഷ ബ്രൂസ്, ഡോ. ജോർജ്, സിഡിഎസ് ചെയർപേഴ്സൺ കെ. ഷീന തുടങ്ങിയവര് പങ്കെടുത്തു.
കാർഷിക സെമിനാർ
തൃശൂർ: നവ കേരള സദസിന്റെ ഭാഗമായി കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം കമ്മ്യൂണിക്കേഷൻ സെന്റർ മണ്ണുത്തി, കൃഷി വിജ്ഞാനകേന്ദ്രം തൃശൂർ എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് കാർഷിക മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാധ്യതകൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിക്കുന്നു.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് സൗജന്യ അവസരം ലഭിക്കുക.
കർഷകർക്കും സംരംഭകത്വം മേഖലയിൽ താല്പര്യമുള്ളവർക്കും സെമിനാറിൽ പങ്കെടുക്കാവുന്നതാണ്. രാവിലെ 10 മുതൽ 12.30 വരെയാണ് സെമിനാർ. വിവരങ്ങൾക്ക്: 0487 2370051.