അടിപ്പാതയ്ക്കെതിരെ വ്യാപാരികള്‍
1375170
Saturday, December 2, 2023 2:07 AM IST
കൊരട്ടി: നിർദിഷ്ട അടിപ്പാതയ്ക്കെതിരെ കൊരട്ടിയിലെ വ്യാപാരി സമൂഹം ഒറ്റക്കെട്ട്. കൊരട്ടിക്ക് വേണ്ടത് മേൽപ്പാലമാണെന്ന പൊതുവികാരമുണർത്തി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കൊരട്ടി സിഗ്നൽ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സേവ് കൊരട്ടി കൂട്ടായ്മ ചെയർമാൻ എൻ.ഐ. തോമസ് ഉദ്ഘാടനംചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ബെന്നി ജോസഫ് അധ്യക്ഷനായി. വ്യാപാര, വ്യാവസായിക മേഖലയുടെ കുതിപ്പിനും നാടിന്റെ സമഗ്ര വികസനത്തിനും മേൽപ്പാലമാണ് അനിവാര്യമെന്നും ജംഗ്ഷനിൽ വൻമതിൽ നിർമിച്ച് ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം അടച്ചു കെട്ടാനുള്ള അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കോടികൾ മുടക്കി ദേശീയപാതയിൽ വികസനപദ്ധതികൾ നടപ്പിലാക്കുമ്പോൾ നാടിന്റെ വികാരം മാനിക്കണമെന്നും പ്രാദേശിക ഭരണകൂടവുമായി കൂടിയാലോചനകൾ വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അടിപ്പാതയെന്ന വികലവും അശാസ്ത്രീയവുമായ തീരുമാനത്തിൽനിന്നും നാഷണൽ ഹൈവേ അഥോറിറ്റി പിന്മാറണമെന്ന് ആവശ്യപ്പെട്ട മർച്ചന്റ്സ് അസോസിയേഷൻ നിക്ഷിപ്ത താല്പര്യങ്ങൾക്കു മുന്നിൽ വഴങ്ങില്ലെന്നും മേൽപ്പാലമെന്ന പൊതുവികാരത്തിൽ നിന്നും പിന്നോട്ടില്ലെന്നും മുന്നറിയിപ്പു നൽകി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജോയ് പെരേപ്പാടൻ, കെ.ആർ. സുമേഷ്, വർഗീസ് തച്ചുപറമ്പൻ, വർഗീസ് പയ്യപ്പിള്ളി, യൂത്ത് വിംഗ് പ്രസിഡന്റ് വിനീഷ് സുകുമാരൻ, വനിതാവിംഗ് പ്രസിഡന്റ് സി. ആന്റോ, ആർജെഡി ചാലക്കുടി നിയോജകമണ്ഡലം ചെയർമാൻ ജോർജ് വി.ഐനിക്കൽ, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ പി.വി. ഫ്രാൻസിസ്, കെ.ഒ. പോളി, സി.എസ്. ജയചന്ദ്രൻ, എം.ഡി. പോൾ, ടി.ഒ. ഡേവിസ് എന്നിവർ പ്രസംഗിച്ചു.