‘മാലിന്യമുക്തം നവകേരളം’ പരിശോധന: 2,78,000 രൂപ പിഴ ചുമത്തി
1375168
Saturday, December 2, 2023 2:07 AM IST
തൃശൂർ: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ വിജിലന്‍സ് സ്ക്വാഡുകള്‍ കൂടുതല്‍ മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. മാലിന്യം കൈകാര്യം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുക, മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിവിടുക, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള വിജിലന്‍സ് സ്ക്വാഡുകളാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. 94 തദ്ദേശസ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 2,78,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഓഡിറ്റോറിയങ്ങള്‍, സ്കൂളുകള്‍, ആരാധനാലയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫ്ലാറ്റ് സമുച്ചയങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിങ്ങനെ കൂടുതല്‍ മാലിന്യം കൈകാര്യം ചെയ്യേണ്ടിവരുന്നവരാണ് വന്‍കിട മാലിന്യ ഉത്പാദകര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ഇതുസംബന്ധിച്ച പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന് അറിയിച്ചു.