പത്തുവയസുകാരന്റെ നട്ടെല്ലു വളവ് നേരെയാക്കി അമല ആശുപത്രി
1375164
Saturday, December 2, 2023 2:07 AM IST
അമലനഗർ: ഡിസ്ട്രോപ്പിക് സ്കോളിയോസിസ് മൂലമുള്ള പത്തുവയസുകാരന്റെ നട്ടെല്ലു വളവ് എൻഡോസ്കോപ്പിക് സർജറിയിലൂടെ ചികിത്സിച്ചു ഭേദമാക്കി അമല മെഡിക്കൽ കോളജ്. കുരിയച്ചിറ വിതയത്തിൽ സന്തോഷ് - പ്രിൻസി ദമ്പതികളുടെ മകൻ തോംസണിന്റെ രോഗമാണു സുഖപ്പെട്ടത്. കുരിയച്ചിറ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നാലാംക്ലാസ് വിദ്യാർഥിയാണ്.
രോഗംമൂലം ഭക്ഷണം കഴിക്കാനും നടക്കാനുമുള്ള ബുദ്ധിമുട്ട് കൂടിയപ്പോഴാണ് അമലയിൽ എത്തിയത്. ജനിതകവൈകല്യത്താൽ നട്ടെല്ലിനു സംഭവിച്ച 80 ഡിഗ്രി വളവാണു ന്യൂതന സാങ്കേതികവിദ്യയായ കീഹോൾ സർജറിയിലൂടെ മാറ്റിയെടുത്തത്. നട്ടെല്ലിന്റെ രൂപഘടനയിൽ വളരെ മാറ്റങ്ങൾ ഉള്ള രോഗമായതിനാൽ ശസ്ത്രക്രിയ സങ്കീർണതയേറിയതായിരുന്നു.
ഓർത്തോ സ്പൈൻ സർജൻ ഡോ. സ്കോട്ട് ചാക്കോ ജോൺ, അനസ്തറ്റിസ്റ്റ് ഡോ. മിഥുൻ, ഡോക്ടർ ബിനു, ഡോ. തോംസൺ, നഴ്സുമാരായ സിസ്റ്റർ ദീപ, റീന, സിനി എന്നിവരടങ്ങുന്ന സംഘമാണു ചികിത്സയ്ക്കു നേതൃത്വം നൽകിയത്. ചികിത്സ പൂർത്തിയാക്കിയ തോംസൺ ഇന്നു വീട്ടിലേക്കു മടങ്ങും.