ഫ്ലോട്ടിംഗ് ബ്രിഡ്ജ്: കൗണ്‍സില്‍ യോഗത്തില്‍ ബഹളം
1374838
Friday, December 1, 2023 1:36 AM IST
ചാവക്കാട്: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിനെച്ചൊല്ലി ബഹളം. ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേര്‍പെട്ട സംഭവത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍ നല്കിയ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാത്തതിനെ തുടര്‍ന്നായിരുന്നു ബഹളം. ആദ്യ അജൻഡ ആരംഭിക്കുന്നതിനു മുമ്പാണു സ്ഥലത്തെ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ പി. കെ. കബീര്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍, അജൻഡകള്ക്കുശേഷം ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് പറഞ്ഞു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് എല്‍ഡിഎഫ് - യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കം മുറുകിയത്.
മതിയായ സുരക്ഷയില്ലാതെയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിക്കുന്നതെന്നും എംഎല്‍എ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും നുണകള്‍ പരത്തി പത്രമാധ്യമങ്ങളെ പരിഹസിക്കാതെ തെറ്റുകള്‍ അംഗീകരിക്കാന്‍ തയാറാകണമെന്നും കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ കെ.വി. സത്താര്‍ പറഞ്ഞു. ഒരുമാസം മുന്‍പ് ജില്ലാ കളക്ടര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മതിയായ സുരക്ഷ ഉറപ്പാക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടും പാലിക്കപ്പെട്ടില്ല. ഫ്ലോട്ടിംഗ് ബ്രിഡ്ജ് പൊളിച്ചുമാറ്റിയതാണെന്ന ന്യായം തെറ്റാണ്.
കൃത്യമായ പഠനം നടത്താതെയും ദുരന്ത നിവാരണ അഥോറിറ്റി അറിയാതെയുമാണ് ഇതിന് അനുമതി നല്‍കിയത്. തീരദേശ പോലീസിനെയോ ദുരന്ത നിവാരണ കമ്മിറ്റിയുടെ ചെയര്‍മാനായ കളക്ടറെയോ അറിയിക്കാതെയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പൊളിച്ചുമാറ്റിയത്. ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നപ്പോള്‍ പൊളിച്ചുമാറ്റി എന്നുപറയുന്നത് മുഖം രക്ഷിക്കാനുള്ള മാര്‍ഗം മാത്രമാണ് തുടങ്ങിയ ആരോപണങ്ങളും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തി. എന്നാല്‍, വികസനത്തിനെതിരേയുള്ള യുഡിഎഫിന്റെ അസൂയയാണിതെന്ന് എല്‍ഡിഎഫ് അംഗം എം.ആര്. രാധാകൃഷ്ണന് പറഞ്ഞു.
ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേലിയേറ്റം ശക്തമാകുന്ന സമയത്ത് ഇതിന്റെ പ്രവര്‍ത്തനം നിര്ത്തണമെന്നതുള്പ്പെടെയുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ നടത്തിപ്പു കമ്പനിക്കു നല്‍കിയിട്ടുണ്ടെന്ന് കൗൺസിൽ യോഗത്തിൽ അധ്യക്ഷതവഹിച്ച നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് പറഞ്ഞു.