ഗുരുവായൂരിൽ 64 കാരിയുടെ താലിമാല കവർന്നു
1374837
Friday, December 1, 2023 1:36 AM IST
ഗുരുവായൂർ: കട തുറക്കാൻ പോവുകയായിരുന്ന 64കാരിയെ ആക്രമിച്ച് രണ്ടുപവന്റെ താലിമാല കവർന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്സ് ഉടമ പേരകം സ്വദേശി കണിച്ചിയിൽ രവീന്ദ്രന്റെ ഭാര്യ രത്നവല്ലി(64)യുടെ താലിമാലയാണു കവർന്നത്. പിടിവലിക്കിടെ വീണ് തലയ്ക്കു പരിക്കേറ്റ രത്നവല്ലിയുടെ തലയ്ക്ക് ആറ് തുന്നലിട്ടു.
ഇന്നലെ പുലർച്ചെ 3.50നു പടിഞ്ഞാറെ നടയിലെ നഗരസഭയുടെ മിനി മാർക്കറ്റിനു മുന്നിലാണ് സംഭവം. രത്നവല്ലി പുലർച്ചെ കട തുറക്കാനായി നടന്നുപോവുകയായിരുന്നു. മുഖം മറച്ച് പിറകിലെത്തിയ മോഷ്ടാവ് രത്നവല്ലിയെ കടന്നുപിടിച്ച് വായ പൊത്തി. കുതറിമാറാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കെെയിലുണ്ടായിരുന്ന തുണി രത്നവല്ലിയുടെ മുഖത്തേക്കിട്ട് തള്ളിയിടുകയായിരുന്നു.
തുടർന്ന് മാല വലിച്ചുപൊട്ടിച്ച് മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. റോഡിൽ വീണുകിടക്കുന്നതിനിടെ മോഷ്ടാവിന്റെ കാലിൽ പിടിത്തമിട്ടെങ്കിലും കുതറി രക്ഷപ്പെടുകയായിരുന്നുവെന്ന് രത്നവല്ലി പറഞ്ഞു. ടെമ്പിൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേഖലയിലെ സിസിടിവി കാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്.