അർധരാത്രി കെഎസ്ആർടിസി ബസിൽ നിന്നും വീട്ടമ്മയെ ഇറക്കിവിട്ടതായി പരാതി
1374836
Friday, December 1, 2023 1:36 AM IST
പട്ടിക്കാട്: വാണിയംപാറയിൽ വീട്ടമ്മയെ അർധരാത്രി കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കിവിട്ടതായി പരാതി. വാണിയംപാറ പാറോത്തിങ്കൽ രജനിയെയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽനിന്നും ഇറക്കിവിട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
തൃശൂർ ബസ്സ്റ്റാൻഡിൽനിന്നും വാണിയംപാറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു എൽഐസി ഏജന്റായ രജനി. രാത്രി 10.15 ന് സ്റ്റാൻഡിൽനിന്നും പുറപ്പെട്ട ബസിൽ കയറുന്നതിനുമുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്നുള്ള കാര്യം ഇവർ ഉറപ്പ് വരുത്തിയിരുന്നു.
വാണിയംപാറയിൽ ഫെയർസ്റ്റേജ് ഇല്ലാത്തതിനാൽ അടുത്ത ഫെയർ സ്റ്റേജായ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കുള്ള ബസ് ചാർജ് നൽകുകയും ചെയ്തു. കൊമ്പഴ കഴിഞ്ഞതോടെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട രജനിയോട് ബസ് നിർത്തുന്നിടത്ത് നിങ്ങൾ ഇറങ്ങിയാൽ മതിയെന്ന് ജീവനക്കാർ പറയുകയായിരുന്നു. പിന്നീട് ഒരു കിലോമീറ്ററോളം ദൂരത്തുള്ള വാണിയംപാറ മേലേചുങ്കം സ്റ്റോപ്പിൽ ഇറക്കിവിടുകയും ചെയ്തു
തുടർന്ന് സർവീസ് റോഡ് പോലും ഇല്ലാത്ത ദേശീയപാതയിലൂടെ രാത്രി 11 മണിക്കു നടന്നു വീട്ടിലേക്ക് പോകേണ്ട അവസ്ഥയാണ് ഇവർക്കുണ്ടായത്. സഹയാത്രികർ വളരെ നിർബന്ധിച്ചെങ്കിലും ബസ് ജീവനക്കാർ ചെവിക്കൊണ്ടില്ലെന്നും രജനി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് വകുപ്പുമന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും പരാതി നൽകിയിട്ടുണ്ട്.
പട്ടിക്കാട് സെന്ററിൽ പ്രവേശിക്കാതെ മേൽപ്പാതയിലൂടെ പോയി യാത്രക്കാരെ വഴിയരികെ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കെഎസ്ആർടിസിക്ക് എതിരെ ഉള്ളത്. കഴിഞ്ഞവർഷം പ്രദേശവാസിയായ ഒരു യുവാവിനെ വാണിയംപാറയിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ ജീവനക്കാർ മർദിച്ചതിനെതിരെയും കേസുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെ ഇത്തരം പ്രവൃത്തികൾക്കെതിരെ അധികൃതർ കർശനനടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.