ഇനി ക്രിസ്മസ് നാളുകൾ, നോന്പിനു തുടക്കം
1374835
Friday, December 1, 2023 1:36 AM IST
തൃശൂർ: ഉണ്ണിയേശുവിന്റെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള 25 നോന്പാചരണത്തിനു തുടക്കമായി. ഇന്നലെ അർധരാത്രി മുതലാണു ക്രിസ്മസിനു മുന്നോ ടിയായി 25 ദിനം നീണ്ടുനിൽക്കുന്ന നോന്പാചരണം തുടങ്ങിയത്.
നൊയ് എന്ന ധാതുവിൽനിന്നുത്ഭവിച്ച നോന്പ് എന്ന പദത്തിനു വേദനയെന്നാണർഥം. മാംസം, മത്സ്യം, മുട്ട തുടങ്ങി പ്രിയ ഭക്ഷണങ്ങൾ ഉപേക്ഷിച്ചുകൊണ്ടാണു പാപപരിഹാരാർഥം വിശ്വാസികൾ നോന്പനുഷ്ഠിക്കുന്നത്. ഈ കാലയളവിൽ വിവാഹംമടക്കമുള്ള ആഘോഷങ്ങൾക്കും സഭയിൽ നിയന്ത്രണമുണ്ട്.
ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് ഇന്നു മുതൽ വീടുകളിൽ നക്ഷത്രങ്ങൾ തെളിയും. നാനാജാതിമതസ്ഥരും നക്ഷത്രങ്ങളും മറ്റ് അലങ്കാരദീപങ്ങളുംകൊണ്ട് ക്രിസ്മസിനെ വരവേൽക്കും. ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്മസ് സന്ദേശവുമായി ആശംസാകാർഡുകളും സമ്മാനങ്ങളും കൈമാറുന്നതും, അവസാനദിനങ്ങളിൽ പുൽക്കൂടും ട്രീയും ഒരുക്കുന്നതും ക്രിസ്മസ് കാലത്തിന്റെ പ്രത്യേകതകളാണ്.
അതിനാൽതന്നെ, ക്രിസ്മസ് വിപണികൾ ഒരുങ്ങിക്കഴിഞ്ഞു. വിവിധയിനം ക്രിസ്മസ് കേക്കുകളുമായി ബേക്കറികളും ക്രിബുകൾ, നക്ഷ ത്രങ്ങൾ, വിവിധയിനം തൂക്കുവിളക്കുകൾ, ട്രീകൾ, സാന്താക്ലോസ് വേഷവിധാനങ്ങൾ എന്നിവയുമായി കടകളും സജ്ജമായി. ഇനി പ്രത്യാശയുടെ, നിറപ്പകിട്ടാർന്ന ക്രിസ്മസ് രാവുകൾ...