കൊടിപിടിക്കുന്നത് മാത്രമല്ല രാഷ്ട്രീയം: പ്രതിപക്ഷ നേതാവ്
1374834
Friday, December 1, 2023 1:36 AM IST
തൃശൂര്‍: വിദ്യാര്‍ഥികള്‍ രാഷ്ട്രീയചിന്തയുള്ളവരായി വളരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. തൃശൂര്‍ സെന്റ് തോമസ് കോളജ് യൂണിയന് ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമാകണമെന്നില്ല. കൊടിയും പിടിച്ച് നടക്കുന്നത് മാത്രമല്ല രാഷ്ട്രീയം. ജനാധിപത്യ ചിന്തയും, മറ്റുള്ളവരുടെ സ്വാതന്ത്ര്യവും അവകാശവും അംഗീകരിക്കാനുള്ള മനസും, പാര്ശ്വവത്ക്കരിക്കപ്പെടുന്നവരുടേയും ആരുമില്ലാത്തവരുടേയും ശബ്ദമാവുകയും ചെയ്യുക എന്നതാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയമനസുള്ളവരാകണമെന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.
വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ പുരോഗമനപരമായി ചിന്തിക്കണമെന്നും വി.ഡി സതീശന് പറഞ്ഞു. ഏറ്റവും പുതിയ കാര്യത്തെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. പഠിക്കുന്ന നിരവധി വിഷയങ്ങളില്‍ ഒരു വിഷയത്തോട് അഭിനിവേശമുണ്ടാകണം. എല്ലാ വിഷയങ്ങള്‍ക്കും അനന്തസാധ്യതകളാണുള്ളത്. പഠിക്കുന്ന സ്ഥാപനത്തിന്റെ റേറ്റിംഗ് കൂടി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് മുഖ്യാതിഥിയായി. കോളജ് മാനേജര്‍ ഫാ. മാര്ട്ടിന് കൊളമ്പ്രത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.എ. മാര്ട്ടിന്, ഫാ. ബിജു പാണേങ്ങാടന്, സ്റ്റാഫ് അഡൈ്വസര്‍ എം.ഐ സജു, സ്റ്റാഫ് എഡിറ്റര്‍ ബിജോയ്, കോളജ് യൂണിയന് ചെയര്മാന് എല്വിന് പയസ് എന്നിവര്‍ പ്രസംഗിച്ചു.