നഗരസുരക്ഷയ്ക്കായി 48 എഐ കണ്ണുകൾ
1374832
Friday, December 1, 2023 1:36 AM IST
തൃശൂർ: ലഹരിമാഫിയ, ഗുണ്ടാവിളയാട്ടങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു. എംപി ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ ചെലവിട്ട് എഐ സാങ്കേതികവിദ്യയുള്ള 48 അത്യാധുനിക നിരീക്ഷണ കാമറകളാണു സ്ഥാപിക്കുന്നത്. കെഎസ്ആർടിസി, ശക്തൻ ബസ് സ്റ്റാൻഡുകളിലും പരിസരങ്ങളിലുമാണു നിരീക്ഷണ കാമറകൾ മിഴി തുറക്കുക.
പകൽ വെളിച്ചത്തിലും രാത്രിയിലും ഒരുപോലെ നിരീക്ഷണം സാധ്യമാകുന്ന കാമറകളാണു പോലീസിനെ സഹായിക്കാനുണ്ടാകുക. ഇതിനായി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ചു.
കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണ കാമറകളുടെ അനിവാര്യത സിറ്റി പോലീസ് കമ്മീഷണർ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. കാമറകളുടെ സ്വിച്ച് ഓൺ കെഎസ്ആർടിസി പരിസരത്ത് നാളെ രാവിലെ 11 ന് ടി.എൻ. പ്രതാപൻ എംപി നിർവഹിക്കും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയാകും.
ജില്ലാ കളക്ടർ കൃഷ്ണതേജ, ഡിഐജി അജിതാബീഗം, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോ കൻ എന്നിവർ പങ്കെടുക്കും.