നഗരം കലോത്സവ ലഹരിയിലേക്ക്...
1374831
Friday, December 1, 2023 1:36 AM IST
സ്വന്തം ലേഖകൻ
തൃശൂർ: മുപ്പത്തിനാലാമത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണമേറ്റുവാങ്ങി പ്രയാണം നടത്തിയതോടെ തൃശൂർ നഗരം കലോത്സവലഹരിയിലായി. ഡിസംബർ ആറുമുതൽ ഒന്പതുവരെയാണ് നഗരത്തിലെ വിവിധ വേദികളിൽ കലോത്സവം നടക്കുക.
നേരത്തെ നാലാംതീയതി സ്റ്റേ ജിതര മത്സരങ്ങൾ നടക്കുമെന്നറിയിച്ചിരുന്നുവെങ്കിലും അന്നു സംസ്ഥാനതലത്തിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കലോത്സവത്തിന്റെ തീയതികൾ പുനഃക്രമീകരിക്കുകയായിരുന്നു. സ്റ്റേജിതര മത്സരങ്ങൾ ആദ്യദിനമായ ആറിന് സെന്റ് ആൻസ് ജിഎച്ച്എസിലും എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി നടക്കും.
തൃശൂർ ഹോളിഫാമിലി സിജിഎച്ച്എസ്എസാണ് കലോത്സവത്തിന്റെ പ്രധാന വേദി. എട്ടാം തീയതി രാവിലെ പത്തിന് പി.ബാലചന്ദ്രൻ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. നടൻ ജയരാജ് വാര്യർ കലോത്സവ സന്ദേശം നൽകും. സമാപനസമ്മേളനം ഒന്പതിനു വൈകീട്ട് അഞ്ചിന് മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും.
പ്രധാന വേദിക്കു പുറമെ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ, മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വിവേകോദയം ബോ യ്സ് / ഗേൾസ്, ബിഎഡ് കോളജ്, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ക്ലയേഴ്സ് ഹൈസ്കൂൾ, സെന്റ് ക്ലയേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ഹൈസ്കൂൾ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, സ്കൗട്ട് ഭവൻ, ബാലഭവൻ, കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ് കൂൾ, തോപ്പ് ഗ്രൗണ്ട് എന്നിവിടങ്ങളും കലോത്സവവേദികളാണ്.
കലോത്സവത്തിന്റെ സ്വർണക്കപ്പിന് ഇന്നലെ രാവിലെ മുതൽ വിവിധ സ്കൂളുകളിൽ വരവേൽപ്പും സ്വീകരണവും നൽകി.