നവകേരള സദസിനു പണം നൽകില്ലെന്നു ചാലക്കുടി നഗരസഭ യോഗം
1374830
Friday, December 1, 2023 1:36 AM IST
ചാലക്കുടി: ചാലക്കുടിയിൽ നടക്കുന്ന നവകേരള സദസ് പരിപാടിക്കു നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കേണ്ടതില്ലെന്നു നഗരസഭ കൗൺസിൽ തീരുമാനിച്ചു. നവകേരള സദസ് എന്ന പേരിൽ പൊതുപണം ദുരുപയോഗം ചെയ്യുന്ന പരിപാടിയാണ് സർക്കാർ നടത്തുന്നതെന്നും ഇത് രാഷ്ട്രീയ പരിപാടിയും ധൂർത്തുമാണെന്നും ഭരണപക്ഷ അംഗങ്ങൾ പറഞ്ഞു.
ജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും അറിയാനും പരിഹരിക്കാനും എന്ന പേരിൽ നടത്തുന്ന പരിപാടിക്കു കോടിക്കണക്കിനു രൂപ ചെലവുചെയ്ത് ആർഭാടങ്ങളും പ്രചാരണങ്ങളും ഒരു ക്കുന്നതിനു പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമാണെന്നും അതുകൊണ്ട് തന്നെ ഏറെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ചാലക്കുടി നഗരസഭ ഇക്കാര്യത്തിനു പണം നൽകേണ്ട ആവശ്യമില്ലെന്നും യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് ആദ്യമായി എത്തിച്ചേരുന്ന ചരിത്ര പ്രാധാന്യമുള്ള പരിപാടിയാണ് നവകേരള സദസെന്നും ഇതിന്റെ സംഘാടനത്തിന് നഗരസഭ പണം നൽകിയി ല്ലെങ്കിലും പരിപാടി വിജയിപ്പിക്കുമെന്നും എൽഡിഎഫ് ലീഡർ സി.എസ്. സുരേഷ് പറഞ്ഞു.
ചാലക്കുടി നഗരസഭ വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന സമയമാണെന്നും ഇത്തരം സാഹചര്യത്തിൽ നവകേരള സദസ് പോലുള്ള പരിപാടിക്കു പണം ചെലവഴിക്കാൻ സാധിക്കി ല്ലെന്നും ചെയർമാൻ എബി ജോർജ് പറഞ്ഞു. ചാലക്കുടി നഗരസഭ നവകേരള സദസിന്റെ സംഘടനത്തിനു പണം നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. കൗൺസിലർമാരായ കെ.വി. പോൾ, ജോർജ് തോമസ്, ബിജി സദാനന്ദൻ, വി.ജെ. ജോജി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
തുക നൽകാൻ കഴിയില്ല എന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് കൗൺസിലർ വി.ജെ. ജോജി വാക്കൗട്ട് നടത്തി. പ്രതിപക്ഷത്തെ മറ്റു അംഗങ്ങൾ തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി.
നഗരസഭയിലെ ആശാരിപ്പാറ, താണിപ്പാറ എന്നീ പൊതു കുളങ്ങളിൽ, സുഭിക്ഷ കേരളം പദ്ധതി വഴി മത്സ്യകൃഷി നടത്താൻ ചാലക്കുടി സർവീസ് സഹകരണ ബാങ്കിനു നേരത്തേ അനുമതി നൽകിയ സാഹചര്യത്തിൽ നിലവിൽ നൽകിയിട്ടുള്ള കാലാവധി കഴിയും വരെ ബാങ്കിന് മൽസ്യകൃഷി തുടരാമെന്ന് കൗൺസിൽ തീരുമാനിച്ചു.
മേൽപ്പറഞ്ഞ കുളങ്ങൾ റവന്യൂ വകുപ്പിന്റെ കീഴിൽ വരുന്നതാണെന്നും, നഗരസഭക്ക് ഇതിൽ അവകാശമില്ലെന്നും മൽസ്യ കൃഷി നടത്താൻ ബാങ്കിന് നൽകിയ അനുവാദം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ചെയർമാനു നൽകിയ കത്ത് ചർച്ച ചെയ്തതിനെ തുടർന്നാണ് കൗൺസിൽ തീരുമാനം എടുത്തത്.
നേരത്തെ ഇത് സംബന്ധിച്ച് രണ്ടു തവണ കൗൺസിൽ തീരുമാനമെടുത്തത് ഐക്യകണ്ഠേന യാെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് മൽസ്യകൃഷി ആരംഭിച്ചതെന്നും ഇതിന്റെ ഭാഗമായാണ് സഹകരണ ബാങ്ക് പണം ചെലവഴിച്ചതെന്നും ചില ആളുകൾ കുളത്തിൽ സ്ഥാപിച്ച സംരക്ഷണ വലകൾ നശിപ്പിക്കുകയും മൽസ്യങ്ങളെ പിടിച്ചു കൊണ്ടുപോവുകയും ചെയ്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും ഷിബു വാലപ്പൻ പറഞ്ഞു.
കുളത്തിന്റെ ഉടമസ്ഥതയും അവകാശവും സംബന്ധിച്ച കാര്യത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരോട് രേഖാമൂലം വിവരം ആരാഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തി തുടർന്നുള്ള കാലഘട്ടത്തിൽ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.