ഗാന്ധി സ്മരണകളുണർത്തി നീഡ്സിന്റെ മഹാത്മാ പാദസ്പർശ സ്മൃതി പദയാത്ര
1374827
Friday, December 1, 2023 1:36 AM IST
ഇരിങ്ങാലക്കുട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ തൊണ്ണൂറാം വർഷ ആഘോഷങ്ങളോടനുബന്ധിച്ച് നീഡ്സിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന മഹാത്മാ പാദമുദ്ര @ 90 പരിപാടിയുടെ ഭാഗമായി നടത്തിയ മഹാത്മാ പാദസ്പർശ സ്മൃതി പദയാത്ര വികാര നിർഭരമായി.
സന്ദർശനവേളയിൽ ഗാന്ധിജി പ്രസംഗിച്ച ചളിയംപാടത്തുനിന്നും ആരംഭിച്ച പദയാത്ര അദ്ദേഹം വിശ്രമിച്ച അന്നത്തെ തിരുവിതാംകൂർ സത്രമായിരുന്ന ഇന്നത്തെ റസ്റ്റ്് ഹൗസിലെ മഹാത്മാ ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ ഓർമക്കായി സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു. പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ നേതൃത്വം നൽകി.
നീഡ്സ് ഭാരവാഹികളായ ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, പ്രഫ. ആർ.ജയറാം, എം.എൻ.തന്പാൻ, ആശാലത, മുഹമ്മദാലി കറുകത്തല, പി.ആർ. സ്റ്റാൻലി, പി.ടി. ജോർജ് എന്നിവർ പ്രസംഗിച്ചു. നീഡ്സ് അംഗങ്ങളോടൊപ്പം ബഹുജനങ്ങളും യാത്രയിൽ അണിചേർന്നു.
കഴിഞ്ഞ ജനുവരി 10 ന് ആരംഭിച്ച നവതിയാഘോഷങ്ങൾ അടുത്ത ജനുവരിയിൽ സമാപിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധി സന്ദർശനം റിപ്പോർട്ട് ചെയ്ത പത്രങ്ങളുടെ കൈമാറ്റം, വിവിധ സെമിനാറുകൾ, ശില്പശാലകൾ എന്നിവ നടന്നു.