ദേശീയപാതയോരം ഇടിയുന്നു; വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം
1374642
Thursday, November 30, 2023 2:30 AM IST
കൊരട്ടി: ദേശീയപാതയോരം ഇടിയുന്നതുമൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാവുകയാണ്. ദേശീയപാതയിലെ ചിറങ്ങര - പൊങ്ങം ഉപറോഡിലാണ് മണ്ണിടിച്ചിൽ രൂക്ഷമാകുന്നത്. കനത്തമഴയെ തുടർന്ന് കാനകളിലൂടെ ഒഴുകേണ്ട മഴവെള്ളം റോഡിലൂടെയാണു കുത്തിയൊഴുകുന്നത്. കാലങ്ങളായി കാനകൾക്കു പരിപാലനമില്ലാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം. റോഡിനോടു ചേർന്ന പാതവക്ക് താഴ്ന്ന പ്രദേശമാണ്.
ഉപറോഡിലൂടെ വലിയ വാഹനങ്ങൾ ഇരു ദിശകളിൽ നിന്നും മുഖാമുഖം കടന്നുവരുമ്പോഴോ അല്ലെങ്കിൽ മുന്നിലെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴോ ആണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞദിവസം രാവിലെ ഇതിലൂടെ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടിരുന്നു. മണ്ണിടിഞ്ഞ ഭാഗങ്ങളും അപകട സാധ്യതകളുള്ള റോഡിന്റെ പാർശ്വഭിത്തികളും കെട്ടിസംരക്ഷിച്ച് യാത്രാസുരക്ഷിതത്വം ഉറപ്പുവരുത്താൻ സത്വരനടപടി ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.