കേരളത്തെ ഭരിച്ചു മുടിച്ച പിണറായിയുടെ യാത്രയ്ക്കെതിരെ പ്രതിഷേധിക്കും: ജോസ് വള്ളൂർ
1374638
Thursday, November 30, 2023 2:30 AM IST
വടക്കാഞ്ചേരി: സമസ്ത മേഖലകളും തകർത്ത് ജനജീവിതം സ്തംഭിപ്പിച്ച പിണറായി വിജയൻ ജനരോഷത്തിൽനിന്നു രക്ഷപെടാൻ നടത്തുന്ന നവകേരള സദസ് യാത്രയ്ക്കെതിരെ ജില്ലയിൽ മുഴുവൻ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ജോസ് വള്ളൂർ പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നവകേരള യാത്രയ്ക്കെതിരെ പ്രതിഷേധം ഉയർത്തിയ ചെറുപ്പക്കാരെ ഗുണ്ടകളെയും പോലീസിനെയും ഉപയോഗിച്ച് അടിച്ചമർത്തി മുന്നോട്ട് പോകാമെന്ന അഹങ്കാരമാണ് പ്രകടിപ്പിക്കുന്നത്. പ്രതിഷേധക്കാരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കിൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുമെന്നും ജില്ലയിലുടനീളം പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും ജോസ് വള്ളൂർ കൂട്ടിചേർത്തു.
ബ്ലോക്ക് പ്രസിഡന്റ് പി.ജി. ജയദീപ് അധ്യക്ഷതവഹിച്ചു. സമാപനസമ്മേളനം യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനംചെയ്തു. രമ്യ ഹരിദാസ് എംപി, പി.എ. മാധവൻ, കെപിസിസി സെക്രട്ടറിമാരായ വി. ബാബുരാജ്, രാജേന്ദ്രൻ അരങ്ങത്ത്, യുഡിഎഫ് ചെയർമാൻ എൻ.എ. സാബു എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ അഡ്വ. അബ്ദുൾ റഷീദ്, പി.എൽ. ജോമി, ഡോ. സോയ ജോസഫ് എന്നിവർ ക്ലാസുകളെടുത്തു.