തട്ടിക്കൊണ്ടുപോകൽ: വാട്സ്ആപ്പിൽ മാസങ്ങൾക്കുമുന്പേ സന്ദേശമെത്തി
1374635
Thursday, November 30, 2023 2:30 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വെള്ളക്കാറിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തൃശൂരിൽ നടക്കുന്നതായി മാസങ്ങൾക്കുമുന്പേ വാട്സ്ആപ്പുകളിൽ പ്രചരിച്ചിരുന്നതായി മാതാപിതാക്കൾ. സ്കൂളും ട്യൂഷനും വിട്ടുവരുന്ന കുട്ടികളെ ഒരു വെള്ള കാർ പിന്തുടർന്നെന്നും കാറിലേക്കു ബലമായി കയറ്റാൻ ശ്രമിച്ചെന്നുമായിരുന്നു സന്ദേശം. ഒരു സ്ത്രീ ആവലാതിയോടെയാണു കാര്യങ്ങൾ വിശദീകരിച്ചിരുന്നത്. തന്റെ കുട്ടിയടക്കമുള്ളവർക്കു നേരെ വൈകീട്ട് ട്യൂഷൻ കഴിഞ്ഞുവരുന്പോഴാണു സംഭവമെന്നും സ്കൂൾ വിട്ടുവരുന്പോഴും കാർ റോന്തു ചുറ്റിയിരുന്നെന്നും പറയുന്നു. മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പായിരുന്നു സന്ദേശം. തൃശൂർ നഗരത്തിനു സമീപത്തെ ചില സ്ഥലങ്ങളുടെ പേരും സന്ദേശത്തിൽ പറഞ്ഞിരുന്നു.
അന്ന് സന്ദേശംകേട്ട പല മാതാപിതാക്കളും അധ്യാപകരും കുട്ടികളോടു കരുതിയിരിക്കാൻ നിർദേശിച്ചിരുന്നു. സന്ദേശത്തിൽ സൂചിപ്പിച്ചപോലെ കഴിഞ്ഞ ദിവസം കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയപ്പോഴാണു പലരും ഇക്കാര്യം ഒാർത്തെടുത്തത്. ഇതോടെ മാതാപിതാക്കൾക്ക് ആശങ്കയും വർധിച്ചു.
ഗ്രൂപ്പുകൾ കൈമാറി വന്ന സന്ദേശത്തിന്റെ ഉറവിടം വ്യക്തമായിരുന്നില്ല. അന്നു ചിലർ പോലീസ് സ്റ്റേഷനുകളിൽ ഇക്കാര്യം വിളിച്ചറിയിച്ചിരുന്നെങ്കിലും ഫേക്ക് സന്ദേശമാണെന്നായിരുന്നു മറുപടി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കൊല്ലം മോഡലിൽ തട്ടിക്കൊണ്ടുപോകൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി. കുട്ടികളെ കാണാതാവുന്ന പരാതികൾ ലഭിക്കാറുണ്ടെങ്കിലും വൈകാതെ കണ്ടെത്താറാണു പതിവ്. ചില സംഭവങ്ങളിൽ വീട്ടുകാർതന്നെ സമീപ പ്രദേശങ്ങളിൽനിന്നു കണ്ടെത്തിയതായി അറിയിച്ചു കേസ് പിൻവലിക്കും. കുട്ടികൾ സ്വയം ഇറങ്ങിപ്പോയ സംഭവങ്ങളാണ് കൂടുതലും ഉണ്ടായിട്ടുള്ളത്.