ടീച്ചേഴ്സ് ഗില്‍ഡ് വിദ്യാദര്‍ശന്‍ യാത്രയ്ക്കു സ്വീകരണം നല്കി
1374634
Thursday, November 30, 2023 2:30 AM IST
തൃശൂര്‍: കേരള കാത്തലിക് ടീച്ചേഴ്സ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡു നിന്നും ആരംഭിച്ച വിദ്യാദര്‍ശന്‍ യാത്രയ്ക്ക് തൃശൂരില്‍ സ്വീകരണം നല്കി. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കുക, ഉച്ചഭക്ഷണ ഫണ്ട് യഥാസമയം അനുവദിക്കുക തുടങ്ങി പൊതു വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യാത്ര നടത്തുന്നത്. തൃശൂര്‍ അതിരൂപതാസമിതിയുടെ നേതൃത്വത്തില്‍ സേക്രട്ട് ഹാര്‍ട്ട് സ്കൂളില്‍ നല്കിയ സ്വീകരണ സമ്മേളനം കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് മുന്‍ സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് എ.ഡി. ഷാജു അധ്യക്ഷനായിരുന്നു.
യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, ബിജു കുറുമുട്ടം, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആഗ്നസ്, മുവാറ്റുപുഴ രൂപത പ്രസിഡന്റ് ബിബിന്‍, ബിജു. ജെ. ആന്റണി, എന്‍.പി. ജാക്സന്, പി.ഡി. ആന്റോ എന്നിവര്‍ പ്രസംഗിച്ചു. നിയമനാംഗീകാരം ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകരുടെ നിവേദനങ്ങള്സംസ്ഥാനഭാരവാഹികള് ഏറ്റുവാങ്ങി. സ്വീകരണ പരിപാടിയോടനുബന്ധിച്ച് അധ്യാപകരുടെ തെരുവുനാടകവും അരങ്ങേറി. ഓസ്റ്റിന്‍ പോള്‍, സിസ്റ്റര്‍ ജപ്ന, ജോഷി വര്‍ക്കി എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്കു നേതൃത്വം നല്കി. ഇന്ന് സെക്രട്ടറിയേറ്റ് നടയില്‍ യാത്ര സമാപിക്കും.