പൂരനഗരിയിൽ വീണ്ടും പൂക്കാലം ഡിസംബർ 22 മുതൽ പുഷ്പോത്സവം
1374633
Thursday, November 30, 2023 2:30 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോവിഡിനുശേഷം വിടരാതെ പോയ പുഷ്പോത്സവം തൃശൂരിൽ വീണ്ടുമെത്തുമ്പോൾ പൂരനഗരിക്കു പൊയ്പോയ പൂക്കാലം വീണ്ടും കിട്ടുകയാണ്. തൃശൂർ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 43-ാമത് പുഷ്പോത്സവം ഡിസംബർ 22 മുതൽ 2024 ജനുവരി ഒന്നുവരെ തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നെഹ്റു പാർക്കിനു സമീപം നടത്തും.
40 വർഷത്തിലധികം ഭംഗിയായി നടത്തിയിരുന്ന തൃശൂരിലെ പുഷ്പോത്സവം കോവിഡ്കാലത്താണു നിലച്ചുപോയത്.
പൂരനഗരി പുഷ്പനഗരിയായി പൂത്തുലഞ്ഞിരുന്ന തൃശൂർ പുഷ്പോത്സവം ഓർമയായിതീരുമോ എന്ന ആശങ്ക പൂക്കളെ സ്നേഹിക്കുന്നവർക്കുണ്ടായിരുന്നു.
ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന പുഷ്പോത്സവം പൂരവും പുലിക്കളിയും പോലെ തന്നെ തൃശൂരിന്റെ അഭിമാനമാണ്
കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വൈവിധ്യമാർന്ന പൂക്കളുടെ വലിയ ശേഖരം തന്നെ തൃശൂർ പുഷ്പോത്സവത്തിനു കൊണ്ടുവരാറുണ്ട്. ദിവസേന കലാപരിപാടികളും പുഷ്പരാജൻ, പുഷ്പറാണി മത്സരങ്ങളുമെല്ലാം പുഷ്പോത്സവത്തോടനുബന്ധിച്ച് നടത്താറുണ്ട്. തൃശൂർ ജില്ലയ്ക്കു പുറത്തുനിന്നുപോലും നിരവധിപേർ വൃശ്ചികം-ധനു കുളിരുള്ള മാസങ്ങളിൽ നടത്താറുള്ള പുഷ്പോത്സവം കാണാൻ തൃശൂരിലെത്താറുണ്ട്.
പുഷ്പോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ തൃശൂർ ജവഹർ ബാലഭവനിൽ ചേർന്ന തൃശൂർ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ യോഗം സൊസൈറ്റി അംഗം എൻ.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് ഡോ. ആന്റണി ജെ. മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
കെ. രാധാകൃഷ്ണൻ, ടി.വി. ചന്ദ്രൻ, ഡോ. കെ.ആർ. രാജൻ, അനിൽ പൊറ്റെക്കാട്ട്, സി.എൽ. ജോയ്, വിനോദ് കുറുവത്ത്, മനോജ് കോരപ്പത്ത്, ടി.ആർ. രൻജു, സുനിൽ കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.