നവകേരള സദസ്: ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം
1374341
Wednesday, November 29, 2023 2:36 AM IST
ഇരിങ്ങാലക്കുട: നവകേരള സദസിന് സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കുന്നതിന്റെ മുന്നോടിയായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഇരിങ്ങാലക്കുട നഗരസഭാ മുനിസിപ്പല്‍ മൈതാനം സന്ദര്‍ശിച്ചു. ഡിസംബര്‍ ആറിനാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം നവകേരള സദസ് മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്നത്.
പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 29ന് ആരംഭിക്കും. നിര്‍ദേശങ്ങളും പരാതികളും സമര്‍പ്പിക്കാന്‍ വേദിയായ അയ്യങ്കാവ് മൈതാനത്ത് ഒരുക്കുന്നത് 25 കൗണ്ടറുകള്‍. തിരക്ക് ക്രമാതീതമായാല്‍ നിയന്ത്രിക്കുന്നതിന് അഞ്ച് റിസര്‍വ് കൗണ്ടറുകളും ഇതിനുപുറമെ സജ്ജീകരിക്കുന്നുണ്ട്. ഇരുപത് കൗണ്ടറുകള്‍ ഒരുക്കാനായിരുന്നു ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്.
മുഖ്യാതിഥികളായ അറുപതുപേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേജും അയ്യായിരംപേര്‍ക്ക് ഇരിക്കാവുന്ന പന്തലിന്റെ പണിയും നവംബര്‍ നാലിന് പൂര്‍ത്തീകരിക്കും. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണ് നിര്‍മാണകരാര്‍. സമ്മേളന വേദിയില്‍ ഡോക്ടര്‍മാരുടെ നേത്യത്വത്തില്‍ വിപുലമായ മെഡിക്കല്‍ സൗകര്യങ്ങളും ആംബുലന്‍സ് സൗകര്യവും എര്പ്പെടുത്തുന്നുണ്ട്.
രാവിലെ പത്തിന് പരാതികള്‍ സ്വീകരിച്ചുതുടങ്ങും. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഗായകരായ എടപ്പാള്‍ വിശ്വനാഥന്, ഫിറോസ് ബാബു എന്നിവര്‍ നേതൃത്വം നല്കുന്ന സംഗീതവിരുന്ന് അരങ്ങേറും. 3.30ന് മന്ത്രിമാരുടെ ആദ്യസംഘവും തുടര്‍ന്ന് 4.30ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തിച്ചേരും. ഇതിന് മുന്നോടിയായാണ് ജില്ലാ കളക്ടര്‍ കൃഷ്ണതേജയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം മൈതാനത്ത് സന്ദര്‍ശനംനടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.
റൂറല്‍ എസ്പി നവനീത് ശര്‍മ, ആര്‍ഡിഒ എം.കെ. ഷാജി, തഹസില്‍ദാര്‍ കെ. ശാന്തകുമാരി, സിഐ അനീഷ് കരീം, മുനിസിപ്പല്‍ സെക്രട്ടറി ഷാജിക്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാ ബാലന്, വിജയലക്ഷ്മി വിനയചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ.ചിറ്റിലപ്പിള്ളി, ലത, കെ.എസ്. തമ്പി, കെ.ആര്. ജോജോ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.