കുറുമാലിപ്പുഴ: മണ്‍തിട്ട നീക്കാൻ നിർദേശം
1374329
Wednesday, November 29, 2023 2:26 AM IST
പുതുക്കാട്: പ്രളയത്തെത്തുടർന്നു കുറുമാലിപ്പുഴയിൽ രൂപപ്പെട്ട മണ്തുരുത്തു നീക്കാൻ കളക്ടറുടെ നിർദേശം. യാഥാർഥ്യമാകുന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം. കുറുമാലിപ്പുഴയുടെ പ്ലായിലപ്പാറ ഭാഗത്ത് 2018-ലെ മഹാപ്രളയത്തിൽ വൻതോതിൽ മണ്ണും മരങ്ങളും അടിഞ്ഞുകൂടിയാണു തുരുത്ത് രൂപപ്പെട്ടത്.
അടുത്ത രണ്ട് വർഷങ്ങളിലും സമീപപ്രദേശങ്ങിൽ വെള്ളക്കെട്ടുണ്ടാവുകയും വീടുകൾ വെള്ളത്തിലാകുകയും ചെയ്തു. ഈ വർഷങ്ങളിലും മണ്ണടിഞ്ഞതോടെ വിസ്തൃതിയും കൂടി. മണ്‍തിട്ട വളർന്നതോടെ കാലവർഷം ശക്തമാകുന്പോൾ പുഴ കരയെടുക്കുന്നതും പതിവായി. ഇതോടെ മഴ ശക്തമായാൽ സമീപവാസികൾ വീടൊഴിഞ്ഞു പോകേണ്ട സ്ഥിതിയിലാണ്.
2019 -ൽ പൊതുപ്രവർത്തകനായ കെ.ജി. രവീന്ദ്രനാഥ് പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയതിനെ തുടർന്ന് നടപടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് വനം, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് നിർദേശമെത്തി. യന്ത്ര സംവിധാനങ്ങളോടെ പുഴയിലെ മാലിന്യങ്ങൾ നീക്കിയെങ്കിലും പ്ലായിലപ്പാറയിലെ മണ്‍ത്തിട്ട മാത്രം മാറ്റിയില്ല.
മൂന്നുമാസം മുന്‍പ് രവീന്ദ്രനാഥ് കളക്ടർക്ക് നിവേദനം നൽകി. കളക്ടർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നടപടിയെടുക്കാൻ നിർദേശം നൽകുകയായിരുന്നു. കാലവർഷം ശക്തമാകുന്നതോടെ കുറുമാലിപ്പുഴയിൽ താൽക്കാലിക മണ്‍ചിറകൾ കെട്ടുന്ന പതിവുണ്ട്. അതിനുമുന്‍പ് പുഴയിലെ മണ്‍തിട്ട നീക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.