കോടതി വിധി സ്വാഗതം ചെയ്ത് കെഎസ്യു
1374321
Wednesday, November 29, 2023 2:14 AM IST
തൃശൂര്‍: ശ്രീ കേരളവര്‍മ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ചെയര്മാന്സ്ഥാനാര്ത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. രാഷ്ട്രീയമായും നിയമപരവുമായുള്ള വലിയൊരു പോരാട്ടത്തിനാണു കെഎസ്യു നേതൃത്വം നല്‍കിയത്. റീ ഇലക്ഷന് നടത്തണമെന്നായിരുന്നു കെഎസ്യുവിന്റെ ആവശ്യം.
ചെയര്‍മാന്‍സ്ഥാനത്തേക്ക് ആദ്യം വിജയിച്ചത് കെഎസ്യുവിന്റെ എസ്. ശ്രീക്കുട്ടനായിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ ചെയര്മാന്സ്ഥാനാര്ഥിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് റീ കൗണ്ടിംഗ് നടത്തിയത്. ആ കത്ത് പോലും ഉചിതമായ മാര്‍ഗത്തിലല്ല എന്ന കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്.
ബാലറ്റ് പേപ്പറുകള്‍ ഇത്രയും ദിവസങ്ങളായിട്ടും കോളജില്തന്നെയായിരുന്നു സൂക്ഷിച്ചിരുന്നു എന്നത് ഏതു തരത്തിലുള്ള ക്രമക്കേടിനും ഇടവരുത്തുന്നതാണ്. നാല്പത്തിയെട്ട് മണിക്കൂറുകള്‍ക്കുശേഷം മാത്രമാണ് കോളജിലെ സ്ട്രോംഗ്റൂമിലേക്ക് ബാലറ്റ് പേപ്പര്‍ മാറ്റിയത്. തുടര്‍ന്നു ട്രഷറിയിലേക്കു ബാലറ്റ് ഉള്‍പ്പെടെ ഉള്ളവ മാറ്റി.
കോടതി ആവശ്യപ്പെട്ട രേഖകള്‍ എടുക്കുന്നതിനായി കോളജിലേക്കു കൊണ്ടുവന്ന രേഖകള്‍ തിരികെ ട്രഷറിയിലേക്കു കൊണ്ടുപോയിട്ടില്ല, കോളജ് ഓഫീസിലെ സ്ട്രോംഗ് മുറിയിലാണ് ഉള്ളത്. എസ്എഫ്ഐ രാത്രിയില്‍ പോലും സ്വൈര്യവിഹാരം നടത്തുന്ന കാമ്പസില്‍ ഇതിനോടകംതന്നെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി അലോഷ്യസ് സേവ്യര്‍ പറഞ്ഞു.