വികസിത് ഭാരത് സങ്കല്പ് യാത്രയ്ക്കു തുടക്കമായി
1374320
Wednesday, November 29, 2023 2:14 AM IST
ചേലക്കര: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്രയ്ക്കു തൃശൂര്‍ ജില്ലയില്‍ തുടക്കമായി. ചേലക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന ചടങ്ങില്‍ ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. പദ്മജ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിവിധ സാമൂഹികസുരക്ഷാ പദ്ധതികള്‍ പരിചയപ്പെടുത്തി. വിവിധ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കുള്ള ബാങ്ക് വായ്പകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
കാര്‍ഷികമേഖലയില്‍ നവീന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിക്കുന്നതു പരിചയപ്പെടുത്തി. വിവിധ കേന്ദ്ര പദ്ധതികളിലെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.
ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ മോഹനചന്ദ്രന്, ചേലക്കര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സോഫിയ, ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജര്‍ ഫസീല്‍, എഫ്എല്‍സി കോ-ഓര്‍ഡിനേറ്റര്‍ സജി, മണ്ണുത്തി കൃഷി വിജ്ഞാന് കേന്ദ്ര അസോസിയേറ്റ് പ്രഫസര്‍ ഡോ. അനീന, എഫ്സിഐ മാനേജര്‍ സജിത്ത് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
രണ്ടാമത്തെ പരിപാടി കൊണ്ടാഴി പഞ്ചായത്തിലെ പാറമേപ്പടി ഗ്രാമീണവായനശാലയില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ശശിധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.