മുന്തിയ ഇനം പെണ്പട്ടികളെ കൊന്നുതള്ളുന്നു
1374091
Tuesday, November 28, 2023 1:57 AM IST
സ്വന്തം ലേഖകൻ
തൃശൂർ: മുന്തിയ ഇനം പെണ്പട്ടികളെ കൊന്ന് വഴിയിൽ തള്ളുന്നതു പതിവാകുന്പോൾ കൊല്ലുന്നതാരെന്നു കണ്ടെത്താനാകാതെ പോലീസ് വലയുന്നു.പ്രജനനം നിലച്ച പെണ്പട്ടികളെയാണ് കൊന്നുതള്ളുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പെണ്പട്ടികളെക്കൊണ്ട് ഗുണമില്ലാത്തതുകൊണ്ടും ഇവ അക്രമകാരികളാകുന്നതിനാലും നിർദാക്ഷിണ്യം കൊന്നുകളയുകയാണ് എന്നാണ് കരുതുന്നത്.
കഴുത്തിൽ നീളമുള്ള കയർ കുരുക്കിയാണ് മിക്ക പട്ടികളെയും കൊന്നിരിക്കുന്നത്. ഇവയെ കൊന്നതിനുശേഷം കൊണ്ടുവന്നു തള്ളുന്നതു വഴിയരികിലാണ്.
കോലഴി സ്വപ്നഭൂമിക്കും പാടൂക്കാട് സന്ധ്യാരാമത്തിനും ഇടയിൽ ആളൊഴിഞ്ഞ പ്രദേശത്തു കനാൽബണ്ടിൽ കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ പത്തോളം മുന്തിയ ഇനം പട്ടികളെ കൊന്നശേഷം കൊണ്ടുവന്നുതള്ളിയിട്ടുണ്ടെന്നു പൊതുപ്രവർത്തകനായ കെ.സന്തോഷ്കുമാർ പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും വിയ്യൂർ പോലീസിലും പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
പട്ടികളെ കൊണ്ടുവന്നുതള്ളുന്ന പ്രദേശത്ത് സിസി ടിവി കാമറ ഇല്ലാത്തതിനാലും ആൾത്താമസം കുറവായതിനാലും പിന്നിലാരാണെന്ന കാര്യം വ്യക്തമല്ല. നായ്ക്കളെ കാണാനില്ലെന്ന പരാതിയുമായി ആരുംതന്നെ ഈ പ്രദേശത്തുനിന്നും പോലീസിൽ എത്തിയിട്ടുമില്ല.
നഗരത്തിന്റെ വേറെയേതെങ്കിലും ഭാഗത്തുനിന്നാകാം ഇവയെ ആളൊഴിഞ്ഞ കോലഴി ഭാഗത്തു കൊണ്ടുവന്നുതള്ളുന്നതെന്നും സംശയിക്കുന്നുണ്ട്. ഇതുവഴി കടന്നുപോകുന്നവർക്കു അസഹ്യമായ ദുർഗന്ധവും സഹിക്കേണ്ടിവരുന്നു.
പ്രജനനം നിന്ന പട്ടികളെ തീറ്റിപ്പോറ്റുന്നതു വലിയ നഷ്ടമായി കണക്കാക്കുന്നവരായിരിക്കാം കൊന്നുതള്ളുന്നതിനു പിന്നിലെന്ന സംശയം നാട്ടുകാരും ഉന്നയിക്കുന്നുണ്ട്.