വേക്കോട് അങ്കണവാടി സ്വന്തം കെട്ടിടത്തിൽ സ്മാർട്ടാകുന്നു
1338949
Thursday, September 28, 2023 1:46 AM IST
ശ്രീനാരായണപുരം: വേക്കോട് അങ്കണവാടി സ്വന്തം കെട്ടിടത്തിൽ " സ്മാർട്ട് " ആകുന്നു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചു വരുന്നത്. പുന്നിലത്ത് സെയ്തുമുഹമ്മദ് സൗജന്യമായി വിട്ടുനൽകിയ അഞ്ച് സെന്റ് ഭൂമിയിലാണ് സ്മാർട്ട് അങ്കണവാടി ഒരുങ്ങുക. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്ലാൻഫണ്ടിൽ നിന്നും അനുവദിച്ച ആറു ലക്ഷം രൂപയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം അനുവദിച്ച എട്ടുലക്ഷം രൂപയും, സാമൂഹ്യനീതി വകുപ്പ് വകയിരിത്തിയ രണ്ടുലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടും പ്രയോജനപ്പെടുത്തിയാണ് സ്മാർട്ട് അങ്കണവാടി കെട്ടിടം നിർമിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ശിലാസ്ഥാപനം നിർവഹിച്ചു. സ്ഥലം വിട്ടുനൽകിയ സെയ്തുമുഹമ്മദിനെ പ്രസിഡന്റ് ആദരിച്ചു. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം കെ.എസ്. ജയ മുഖ്യാതിഥിയായി.
എംജിഎൻആർഇജി അസിസ്റ്റന്റ് എന്‍ജിനീയർ എൻ.എം. ശ്യാംലി റിപ്പോർട്ട് അവതരിപ്പിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ശാർങധരൻ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ജയ, പൂവത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ആർ. ജോഷി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. അയൂബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ്, സെക്രട്ടറി രഹന പി ആനന്ദ്, വാർഡ്മെമ്പർ പ്രകാശിനി മുല്ലശേരി, ജനപ്രതിനിധികളായ പി.യു. കൃഷ്ണന്ദു, സെറീന സഗീർ, മിനി പ്രദീപ്, രേഷ്മ വിപിൻ, ഉഷ ശ്രീനിവാസൻ, പ്രഫ.സിറാജ്, വത്സല തുടങ്ങിയവർ പ്രസംഗിച്ചു.