കാണാതായ യുവാവ് പുഴയില്‍ മരിച്ചനിലയില്‍
1338869
Thursday, September 28, 2023 12:45 AM IST
കൊടകര: തിങ്കളാഴ്ച രാത്രി കുറുമാലിപുഴയിലെ ആറ്റപ്പിള്ളി കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി കാര്യങ്ങാട്ടില്‍ സദാനന്ദന്റെ മകന് അജിത്ത് ബെന്നിന്റെ (31) മൃതദേഹമാണ് ആറ്റപ്പിള്ളിയില്‍ നിന്ന് ഒരു കിലോമീറ്ററോളം താഴെയുള്ള പന്തല്ലൂര്‍ കോഞ്ചാന്‍ കടവിനു സമീപം ഇന്നലെ രാവിലെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ആറ്റപ്പിള്ളി പുഴയോരത്തെ പമ്പ് ഹൗസ് കടവില്‍ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടിയ അജിത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. അജിത്തിനെ കാണാനില്ലെന്ന് വീട്ടുകാര്‍ കൊടകര പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാണാതായ യുവാവിന്റെ ചെരിപ്പുകളും മൊബൈല്‍ ഫോണ്‍, പഴ്സ് എന്നിവ പുഴയോരത്ത് കണ്ടെത്തിയിരുന്നു. ഇയാളുടെ കാറും പുഴയുടെ പരിസരത്ത് കണ്ടെത്തി. ഇതേതുടര്‍ന്ന് ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷ സേനയും സ്കൂബ ഡൈവേഴ്സും സ്ഥലത്തെത്തി കഴിഞ്ഞദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു.
ഇന്നലെ രാവിലെ ടീം കമാന്‍ഡര്‍ അരുണ്‍കുമാര്‍ ചൗഹാന്റെ നേതൃത്വത്തില്‍ തൃശൂരില്‍ നിന്നെത്തിയ എന്‍ഡിആര്‍എഫ് (ദേശീയ ദുരന്തനിവാരണ സേന) അംഗങ്ങളും തിരച്ചിലിനെത്തിയിരുന്നു. ഫയര്‍ഫോഴസും എന്‍ഡിആര്‍എഫ് അംഗങ്ങളും ചേര്‍ന്നാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
ചാലക്കുടി ഡിവൈഎസ്പി ടി.എസ്.സിനോജ്, കൊടകര എസ്എച്ച്ഒ കെ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റിനു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
എറണാകുളത്ത് യൂബര്‍ ടാക്സി ഡ്രൈവറായിരുന്നു മരിച്ച അജിത്ത്. സംസ്കാരം നടത്തി. അമ്മ: രമണി. സഹോദരന്: അഭിജിത്ത്.