ഗുരുവായൂര്‍ നഗരസഭ കൗൺസിൽ മരംമുറിയിൽ കൊമ്പുകോർത്തു
1338657
Wednesday, September 27, 2023 2:03 AM IST
ഗുരുവായൂര്‍: നഗരസഭ ഓഫീസ് അങ്കണത്തിലെ മരങ്ങള്‍ മുറിച്ചതു സംബന്ധിച്ച വിവാദം കൗൺസിൽ യോഗത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ തർക്കത്തിനിടയാക്കി. പ്രതിപക്ഷ നേതാവ് കെ.പി. ഉദയനാണ് വിഷയം ഉന്നയിച്ചത്. കൂടിയാലോചന നടത്താതെ മരം മുറിച്ചതു ശരിയായില്ലെന്ന് ഉദയൻ ആരോപിച്ചു. മരം മുറിച്ചവർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മരം മുറിക്കുമ്പോൾ പാലിക്കേണ്ട നിയമം പാലിക്കാതെയാണ് മരങ്ങൾ മുറിച്ചുനീക്കിയതെന്ന് ബിജെപി അംഗം ശോഭ ഹരിനാരായണൻ പറഞ്ഞു. മരത്തിന്റെ കൊമ്പുകള്‍ വീണ് അപകടം പറ്റാതിരിക്കാനാണ് മുറിച്ചതെന്നും അത് വീണ്ടും വളരാവുന്ന തരത്തിൽ പരിപാലിക്കുന്നുണ്ടെന്നും ചെയര്മാന് എം. കൃഷ്ണദാസ് വിശദീകരിച്ചു.
തൈക്കാട് മേഖലയിലെ കാട്ടുപന്നി ശല്യം പരിഹരിക്കാൻ നടപടി വേണമെന്ന് പ്രതിപക്ഷാംഗം ബി.വി. ജോയ് ആവശ്യപ്പെട്ടു. നിയമത്തിനു വിധേയമായി കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഉറപ്പ് നൽകി. ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു.
നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ സംശയങ്ങൾക്കു മറുപടി നൽകി. വൈസ് ചെയർമാൻ എം.പി. അനീഷ്മ, കൗൺസിലർമാരായ എ.എസ്. മനോജ്, മെഹ്റൂഫ്, പ്രഫ. പി.കെ. ശാന്തകുമാരി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.