ബിവറേജ് ഔട്ലെറ്റ് കോടശേരി പഞ്ചായത്ത് യോഗത്തിൽനിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി
1338649
Wednesday, September 27, 2023 1:58 AM IST
കോടശേരി: പഞ്ചായത്തിൽ മാരാംകോട് ആദിവാസി ഊരിനോട് ചേർന്ന് അഞ്ചാം വാർഡിൽ ബിവറേജ് ഔട്ലെറ്റ് സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ കോടശേരി പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷ സമരം.
ഇന്നലെ ചേർന്ന കമ്മിറ്റിയിൽ എൽഡിഎഫ് അംഗങ്ങൾ ഈ വിഷയം കമ്മിറ്റിയിൽ ചർച്ച ചെയ്യാനും പഞ്ചായത്ത് കമ്മിറ്റി ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ട് 19ന് കത്ത് നൽകുകയും ചെയ്തു.
എന്നാൽ ഇത് പഞ്ചായത്ത് കമ്മിറ്റി അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. കമ്മിറ്റിയിൽ എൽഡിഎഫ് അംഗങ്ങൾ അടിയന്തരപ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിയും കോൺഗ്രസ് അംഗങ്ങളും ഇതിനെ എതിർക്കുകയും ചെയ്തു.
എൽഡിഎഫ് അംഗങ്ങൾ ഇതിൽ പ്രതിഷേധിച്ച് കമ്മിറ്റിയിൽ നിന്നിറങ്ങി പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡറും പ്രതിപക്ഷ നേതാവുമായ ഇ.എ. ജയതിലകൻ സമരം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ പി.സി. നിഖിൽ, ഉഷ ശശിധരൻ, ശ്യാമ സജീവൻ, ശകുന്തള വത്സൻ, സജിത ഷാജി, ദീപ പോളി എന്നിവർ സംസാരിച്ചു.