കടലിലെ കാറ്റാടിവേരുകൾ മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായി
1338645
Wednesday, September 27, 2023 1:50 AM IST
പുന്നയൂർക്കുളം: കടൽക്ഷോഭത്തിൽ നിലംപതിച്ച കാറ്റാടി മരങ്ങൾ മത്സ്യതൊഴിലാളികൾക്ക് ദുരിതമാകുന്നു. എടക്കഴിയൂർ മുതൽ അണ്ടത്തോട് വരെയുള്ള തീരപ്രദേശത്തെ തീരക്കടലിലാണ് കാറ്റാടി മരങ്ങൾ മണ്ണിൽ താഴ്ന്നു കിടക്കുന്നത്.
ചെറുവഞ്ചിക്കാർക്കും വീശുവലക്കാർക്കുമാണ് ഇവ ദുരിതമുണ്ടാക്കുന്നത്. തീരക്കടലിൽ വലവിരിക്കുമ്പോൾ കടലിലെ മരക്കൊമ്പുകളിൽ കുടുങ്ങി നാശമുണ്ടാകുന്നത് പതിവുസംഭവമാണ്. 3,000 മുതൽ 7,000 രൂപ വിലയുള്ള വലകളാണ് പൊളിഞ്ഞുനശിച്ചിക്കുന്നത്.
കടലിലെ ചെളിയിൽ ആഴ്ന്നുകിടക്കുന്ന വലിയ കാറ്റാടി മരങ്ങൾ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് കെട്ടിവരിഞ്ഞ് മണ്ണുമാന്തി ഉപയോഗിച്ചു നീക്കംചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വലിയ ചെലവുവരുന്ന ഈ പ്രവൃത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് താങ്ങാൻ പറ്റാത്തതാണ്.
സർക്കാരിൽനിന്ന് അടിയന്തരമായി നടപടിയുണ്ടാകണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. തൊഴിലാളികളുടെ ആവശ്യം ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എൻ.കെ. അക്ബർ എംഎൽഎ ദീപികയോട് പറഞ്ഞു.