വെട്ടുകേസ് പ്രതികൾ കസ്റ്റഡിയിൽ
1338641
Wednesday, September 27, 2023 1:49 AM IST
എരുമപ്പെട്ടി: പന്നിത്തടത്തിൽ മരത്തംകോട് സ്വദേശിയായ സെജീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി.
കോടതിയിൽ കീഴടങ്ങിയ പ്രതികളെ നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്.
എയ്യാൽ നീണ്ടൂർ വീട്ടിൽ രാഹുൽ (23), കൈപറമ്പ് സയ്യിദ് വീട്ടിൽ സയ്യിദ് റഹ്മാൻ (33) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച വടക്കാഞ്ചേരി കോടതിയിൽ കീഴടങ്ങിയ പ്രതികളെ റിമാന്റ് ചെയ്തതിനെ തുടർന്ന് സബ് ജയിലിലായിരുന്നു. കേസിൽ മറ്റു രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ട്.
പന്നിത്തടത്ത് ചിക്കൻ സെന്റർ നടത്തുന്ന സെജീറിനെ കഴിഞ്ഞ 15നാണ് നാലുപേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വാളുകൾ ഉൾപ്പടെയുള്ള മാരാകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സെജീറിന്റെ രണ്ട് കൈകൾക്കും ഗുരുതര പരുക്കുപറ്റിയിട്ടുണ്ട്.
രാത്രി പത്തുമണിയോടെ കടയ്ക്ക് മുന്നിൽവച്ചാണ് ആക്രമണം നടത്തിയത്. സുഹൃത്തിനോടും കുടുംബത്തോടുമൊപ്പം കാറിൽ വന്നിറങ്ങിയ സെജീറിനെ മറ്റൊരു കാറിൽ വന്നിറങ്ങിയ സംഘം ക്രൂരമായി വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു.
സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിലും ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയതിലുമുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.