അജിത്തിന് ഇനി വീട്ടിലിരുന്ന് സ്വന്തം ക്ലാസ്റൂം ആസ്വദിക്കാം... വെര്‍ച്വല്‍ ക്ലാസ് റൂം
1338436
Tuesday, September 26, 2023 1:14 AM IST
കാട്ടൂര്‍: സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭിന്നശേഷി വിദ്യാഭ്യാസമേഖലയിലും നടപ്പാക്കാന്‍ സാധിച്ചതായി മന്ത്രി ആര്. ബിന്ദു പറഞ്ഞു. സമഗ്രശിക്ഷാ കേരളം കരാഞ്ചിറ സെന്റ് ജോര്‍ജ് സിയുപി സ്കൂളില്‍ നടപ്പാക്കിയ വെര്‍ച്വല്‍ ക്ലാസ് റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഏറ്റവും മികവാര്‍ന്ന വിദ്യാഭ്യാസസാഹചര്യങ്ങള് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
സ്കൂളിലേക്കുപോകാന്‍ ശാരീരികമായി ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉറപ്പാക്കി പഠനപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആറാംക്ലാസ് വിദ്യാര്‍ഥിയായ അജിത്തിന് ഓണ്‍ലൈന്‍ പഠനത്തിനായി ടാബും അനുബന്ധസൗകര്യങ്ങളും ലഭ്യമാക്കി.
കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കമറുദ്ദീന്, പഞ്ചായത്തംഗം വിമലാ സുഗുണന്, പ്രധാനാധ്യാപിക സിസ്റ്റര്‍ അന്‍സ, എം.ആര്. സനോജ്, കെ.ആര്. സത്യപാലന്, സിബി ജോര്‍ജ്, രാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.