കെഎഎസ് പരീക്ഷയ്ക്ക് പരിശീലനം; ഇരുപതുപേർക്ക് സൗജന്യ പഠനവും
1338434
Tuesday, September 26, 2023 1:14 AM IST
മൂന്നുപീടിക: നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന പെരിഞ്ഞനം ഇന്റഗ്രേറ്റഡ് ഐടി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി മാസത്തിൽ നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്(കെഎഎസ്) പരീക്ഷയ്ക്ക് പരിശീലനം നൽകുമെന്ന് സെക്രട്ടറി മുഹമ്മദ് സഫീർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കയ്പമംഗലം മൂന്നുപീടികയിലാണ് പരിശീലന കേന്ദ്രം. നൂറുപേർക്കാണ് പ്രവേശനം. ഇതിൽ നിർധനരായ ഇരുപതുപേർക്ക് സൗജന്യ പഠനവും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ ഒന്നിന് രാവിലെ പത്തു മുതൽ പെരിഞ്ഞനം ഗവ. യുപി സ്കൂളിൽ നടക്കുന്ന യോഗ്യതാപരീക്ഷയിൽ നിന്നാണ് പ്രവേശനത്തിന് അർഹരായവരെ തെരഞ്ഞെടുക്കുക.
യോഗ്യതാ പരീക്ഷക്ക് അന്നേദിവസം രാവിലെ പത്തുമണിക്കുള്ളിൽ സ്കൂളിൽ എത്തിച്ചേരണമെന്നും ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൊണ്ടുവരണമെന്നും മുഹമ്മദ് സെഫീർ പറഞ്ഞു.