എട്ടേക്കർ കൃഷിനശിച്ചു
1338433
Tuesday, September 26, 2023 1:14 AM IST
കൊടകര: കൃഷിഭവന്റെ പരിധിയിലുള്ള പുത്തുക്കാവ് പാടശേഖരത്ത് വ്യാപകമായ മുഞ്ഞ ബാധ. നെല്ല് കൊയ്ത്തിനുപാകമായ സമയത്ത് മുഞ്ഞബാധയുണ്ടായത് കര്‍ഷകരെ നിരാശയിലാക്കുകയാണ്. കൊടകര പഞ്ചായത്തിലെ 33 ഏക്കര്‍ വിസ്തൃതിയുള്ള പുത്തുക്കാവ് പാടശേഖരത്തിലാണ് നെല്ച്ചടികളില് മുഞ്ഞ ബാധിച്ചിട്ടുള്ളത്.
ഇതാദ്യമായാണ് ഈ പാടശേഖരത്ത് മുഞ്ഞരോഗം കാണുന്നതെന്ന്പാടശേഖര സമിതി പ്രസിഡന്റ് ഫ്രാന്‍സിസ് തെക്കന്‍ പറഞ്ഞു.
120 ദിവസം മൂപ്പുള്ള ജ്യോതി വിത്തുപയോഗിച്ചാണ് ഇത്തവണ പുത്തൂക്കാവ് പാടശേഖരത്ത് വിരിപ്പുകൃഷിയിറക്കിയത്. നെല്‍ച്ചെടികള്‍ക്ക് ഏകദേശം 80 ദിവസത്തെ വളര്‍ച്ചയെത്തിയപ്പോഴാണ് മുഞ്ഞബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ദിവസങ്ങള്‍ക്കകം രോഗം പാടശേഖരത്തെ നെല്‍ച്ചെടികളെ വ്യാപകമായി ബാധിച്ചു. തണ്ടില്‍ കൂട്ടംകൂടി ഇരിക്കുന്ന മുഞ്ഞകള്‍ നീരൂറ്റിക്കുടിക്കുന്നതുമൂലം നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങി നശിക്കുകയാണ്. ഇടവിട്ട് മഴ പെയ്യുന്നതും കടുത്ത വെയിലും മുഞ്ഞകള്‍ക്ക് പെരുകാനുള്ള അനുകൂല കാലാവസ്ഥയാണ്. വിളവെടുപ്പിന് പാകമായ നെല്‍ച്ചെടികളിലെ മുഞ്ഞകളെ നശിപ്പിക്കാന്‍ എളുപ്പമല്ല. കീടനാശിനിപ്രയോഗവും നടത്താന്‍കഴിയാത്ത സാഹചര്യമാണുള്ളത്.
പുത്തുക്കാവ് പാടശേഖരത്തിലെ 15 ഏക്കറിലാണ് ഇത്തവണ വിരിപ്പുകൃഷി ചെയ്തത്. ഇതില്‍ എട്ടേക്കറോളം കൃഷി മുഞ്ഞബാധിച്ച് നശിച്ച അവസ്ഥയിലാണ്. സാധാരണയായി വിരിപ്പുകൃഷിക്ക് മുഞ്ഞബാധയുണ്ടാകാറില്ലെന്നും ഇക്കൊല്ലത്തെ കാലാവസ്ഥാ വ്യതിയാനമാണ് പുത്തുക്കാവ് പാടശേഖരത്തിലെ മുഞ്ഞബാധക്ക് കാരണമെന്നും പാടശേഖരം സന്ദര്‍ശിച്ച കാര്‍ഷിക സര്‍വകലാശാലയിലെ വിജ്ഞാനവ്യാപന വിഭാഗം അസി.പ്രഫസര്‍ അശ്വതി കൃഷ്ണ പറഞ്ഞു.
അടുത്ത സീസണില്‍ കൃഷിയിറക്കുമ്പോള്‍ മുഞ്ഞബാധ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് കാര്‍ഷിക സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയിലെ അശ്വതി കൃഷ്ണ, കെ.കെ. അശ്വതി, കൊടകര കൃഷി ഓഫീസര്‍ പി.വി. സ്വാതിലക്ഷ്മി, കൃഷി അസിസ്റ്റന്റ് എന്‍.ആര്. രേഖ, പെസ്റ്റ് സ്കൗട്ട് ജോയ്സി ജോയ് എന്നിവരടങ്ങിയ കാര്‍ഷിക വിദഗ്ധര്‍ മുഞ്ഞരോഗം ബാധിച്ച പുത്തുക്കാവ് പാടശേഖരം സന്ദര്‍ശിച്ചു.