ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവര്‍ഷം; പകല്‍വീട് തുറക്കാനായില്ല
1338432
Tuesday, September 26, 2023 1:14 AM IST
കല്‍പ്പറമ്പ്: പ്രദേശത്തെ വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കാനുമായി പൂമംഗലം ഗ്രാപഞ്ചായത്ത് നിര്‍മിച്ച പകല്‍വീട് ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവര്‍ഷമായിട്ടും തുറക്കാനായില്ല. കല്‍പ്പറമ്പ് കപ്പേള വഴി പൈങ്ങോട് ഭാഗത്തേക്ക് പോകുന്ന റോഡില്‍ കോസ്മോപോളിറ്റന്‍ ക്ലബ് ആന്‍ഡ് ലൈബ്രറിയോട് ചേര്‍ന്നാണ് പകല്‍വീട് നിര്‍മിച്ചിരിക്കുന്നത്.
പഞ്ചായത്തിന്റെ ആവശ്യപ്രകാരം 2019-20 ജില്ലാപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലൈബ്രറി കെട്ടിടത്തിനോടുചേര്‍ന്ന് പകല്‍വീട് നിര്‍മിച്ചത്. ഇതിനായി ജില്ലാപഞ്ചായത്ത് ക്ലബ് ആന്‍ഡ് ലൈബ്രറിക്ക് 20 ലക്ഷംരൂപയും പകല്‍വീടിന് പത്തുലക്ഷവും അനുവദിച്ചിരുന്നു.
2020 ജൂലെെയില്‍ അന്നത്തെ എംഎല്‍എയായിരുന്ന കെ.യു. അരുണന് ലൈബ്രറി കെട്ടിടവും അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മേരി തോമസ് പകല്‍വീടും ഉദ്ഘാടനംചെയ്തു. കോവിഡിനെത്തുടര്‍ന്ന് അടച്ചിട്ട പകല്‍വീട് പിന്നീട് തുറന്നിട്ടില്ല.
പകല്‍വീട്ടിലേക്ക് ആവശ്യമായ സാധനസാമഗ്രഹികളോ, മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. വയോജനങ്ങള്‍ക്കായി ക്യാമ്പുകള്‍ നടത്തുമ്പോള്‍ പകല്‍വീട് തുറക്കുമെന്നല്ലാതെ മറ്റൊന്നും ഇവിടെ നടക്കുന്നില്ല.
സൗകര്യങ്ങളൊരുക്കി പകല്‍വീട് തുറക്കാന്‍ രണ്ടുലക്ഷത്തോളം രൂപ ആവശ്യമാണെന്നാണ് പഞ്ചായത്ത് പറയുന്നത്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പഞ്ചായത്തായതിനാല്‍ ഇതിനാവശ്യമായ തുക വകയിരുത്താന്‍ സാധിച്ചിട്ടില്ല.
ഫണ്ടിനായി ജില്ലാപഞ്ചായത്തിനോട് സഹായം തേടിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷ.