ലക്ഷങ്ങൾ മുടക്കി നിർമിച്ച ആധുനിക ബസ് കാത്തിരിപ്പുകേന്ദ്രം ഇരുട്ടിലായി
1338431
Tuesday, September 26, 2023 1:14 AM IST
മുരിങ്ങൂർ: ലക്ഷങ്ങൾ മുടക്കി നിർമിച്ച ആധുനിക ബസ് കാത്തിരിപ്പുകേന്ദ്രം ഇരുട്ടിലായി. ദേശീയപാത മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനിൽ ചാലക്കുടി ഭാഗത്തേക്കുള്ള ഉപറോഡരികിൽ വർഷങ്ങൾക്കുമുമ്പ് എംഎൽഎയുടെ മണ്ഡലം ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് ബസ് കാത്തിരിപ്പുകേന്ദ്രം.
ഉദ്ഘാടനം ആഘോഷമാക്കി നടത്തിയെങ്കിലും പിന്നിട് കൃത്യമായ പരിപാലനം ഇല്ലാതായതോടെ ഉപകരണങ്ങൾ പലതും കാണാതാവുകയും പ്രവർത്തനരഹിതവുമാവുകയും ചെയ്തു.
പകൽസമയങ്ങളിൽ നിരവധി യാത്രക്കാരാണ് ഈ കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടാകാറുള്ളത്. രാത്രികാലങ്ങളിൽ ദീർഘദൂര യാത്രക്കാർ വിശ്രമിക്കാനും കനത്തമഴയിൽ നനയാതെ നിൽക്കാനും ഉപയോഗിക്കുന്നു. ഇവിടെയുണ്ടായിരുന്ന സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം കൂടെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ബന്ധപ്പെട്ട അധികൃതർ ഈ വിഷയത്തിൽ പരിഹാര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.