പൈപ്പിടാതെ കുഴി മൂടാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
1338426
Tuesday, September 26, 2023 1:11 AM IST
എരുമപ്പെട്ടി: കുട്ടഞ്ചേരിയിൽ ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിൽ കൃത്രിമം നടത്തുന്നതായി ആരോപിച്ച് നാട്ടുകാർ പ്രവർത്തനം തടഞ്ഞു.
കുട്ടഞ്ചേരി അഞ്ചുമൂല റോഡരുകിൽ പൈപ്പ് സ്ഥാപിക്കാതെ ചാലുമൂടാൻ ശ്രമിച്ചതാണ് സംശയത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്. പ്രദേശത്ത് 150 മീറ്ററോളം ദൂരത്തിൽ ജലവിതരണ പൈപ്പ് സ്ഥാപിച്ചിട്ടില്ല.
എന്നാൽ കരാറുകാരൻ മണ്ണും ക്വാറി അവശിഷ്ടങ്ങളും ഉപയോഗിച്ച് കാന മൂടാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ജീവനക്കാർ അറിയിച്ചത്. മണ്ണ് നീക്കി പൈപ്പ് കാണിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടതോടെ ജീവനക്കാർ വെട്ടിലായി. ഇതോടെ രൂക്ഷമായ വാക്കേറ്റം നടക്കുകയും ചാലുമൂടുന്നത് നാട്ടുകാർ തടയുകയും ചെയ്തു.
പൈപ്പ് സ്ഥാപിച്ചിട്ടില്ലെന്ന് സൂപ്പർവൈസർമാർ പിന്നീട് അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളുടെ ചുമതലക്കാരൻ സ്ഥലത്തെത്തി ജീവനക്കാർക്ക് അബദ്ധം സംഭവിച്ചതാണെന്ന് അറിയിക്കുകയും പൈപ്പിടാത്ത സ്ഥലത്ത് പൈപ്പ് സ്ഥാപിച്ചതിന് ശേഷമേ ചാലുമൂടി കോൺക്രീറ്റ് ചെയ്യുകയുള്ളുവെന്ന് ഉറപ്പുനൽകുകയും ചെയ്തു.