കുടിവെള്ളത്തിനായി ഇനി ഓടണ്ട
1338422
Tuesday, September 26, 2023 1:11 AM IST
കൈപ്പറന്പ്: കുടിവെള്ളത്തിനായി നെട്ടോട്ടമോടിയിരുന്ന കൈപ്പറന്പ് ലക്ഷംവീട് നിവാസികൾക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്തു പദ്ധതി. നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പഞ്ചായത്ത് പൊതുകിണറിലെ വെള്ളം വേനലിൽ ഉപയോഗശൂന്യമാകും. മോട്ടോർ തകരാർ, അറ്റകുറ്റപ്പണി എന്നിവമൂലം പൊതുടാപ്പിൽ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നതിനുമാണ് അറുതിയായത്.
ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പത്തുലക്ഷം ചെലവിട്ടാണു കൈപ്പറന്പ് പഞ്ചായത്തിലെ രണ്ടാം വാർഡിൽ കെ.ആർ. നാരായണൻ എസ്സി കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കിയത്. 21 ഗാർഹിക ഉപഭോക്താക്കൾക്കാണു ഗുണം ചെയ്യുക. മണിക്കൂറിൽ ആറായിരം ലിറ്റർ വെള്ളമാണു പന്പു ചെയ്യുന്നത്. കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് ലക്ഷംവീട് പരിസരത്തുനടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു.
ആറാം വാര്‍ഡ്
മുണ്ടൂർ: ജില്ലാപഞ്ചായത്ത് 72 ലക്ഷം രൂപ വകയിരുത്തി കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് ആറിൽ നിർമാണം പൂർത്തീകരിച്ച മഹാത്മ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു.
കുടിവെള്ള പദ്ധതിയുടെ ഭാഗമായി 3000 മീറ്റർ പുതിയ പൈപ്പ് ലൈൻ, 10,000 ലിറ്റർ കുടിവെള്ളം ഉൾക്കൊള്ളുന്ന ടാങ്ക്, കുടിവെള്ളം ശുദ്ധീകരിക്കാൻ ആവശ്യമായ അയൺ റീമൂവൽ പ്ലാന്റ്, ശുദ്ധീകരണ പ്രഷർ ഫിൽട്ടർ എന്നിവ കൂടി സ്ഥാപിച്ചാണ് നൂറോളം വീടുകളിലേക്ക് കുടിവെള്ളം വിതരണംചെയ്യുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷ അധ്യക്ഷതവഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ, ലീല രാമകൃഷ്ണൻ, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് ചെയർമാൻമാരായ ലിന്റി ഷിജു, കെ.ബി. ദീപക്, അജിത ഉമേഷ് എന്നിവർ പ്രസംഗിച്ചു.