നോട്ടീസിൽ വെട്ടിലായി കർഷകർ
1338416
Tuesday, September 26, 2023 1:07 AM IST
ശശികുമാർ പകവത്ത്
തിരുവില്വാമല: കൃഷിയാവശ്യത്തിനു സൗജന്യ വൈദ്യുതി കണക്ഷൻ ലഭിച്ച കർഷകർക്ക് വർഷങ്ങൾക്ക് മുൻപുള്ള വൈദ്യുതി കുടിശികയും 18ശതമാനം പലിശയുമടക്കം അടയ്ക്കണമെന്നാവശ്യപ്പെട്ടു കെ എസ്ഇബിയുടെ നോട്ടീസ്.
കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ചാർജ് കൃഷിഭവൻ മുഖേനയാണ് അടച്ചിരുന്നത്. സർക്കാരിൽനിന്നു പണം ലഭിക്കാതായതോടെ അന്നുമുതലുള്ള ബിൽ തുക കുടിശികയാണ്. കെ എസ്ഇബി ഓഫീസിലേക്ക് കർഷകരെ വിളിച്ചു വരുത്തി ബിൽ നേരിട്ട് നൽകുകയാണ് ഉദ്യോഗസ്ഥർ. പഞ്ചായത്തിലെ കൃഷി ആവശ്യത്തിനുള്ള വൈദ്യുതി സൗജന്യമായി ലഭിച്ച കർഷകരാണു പ്രതിസന്ധിയിലായത്.
മഴയും വെള്ളവും സമയത്തു ലഭിക്കാതെ നെല്ലും മറ്റു വിളകളും കൃഷി ചെയ്യാനാകാതെ ദുരിതത്തിലായ കർഷകർ, പ്രതിസന്ധിഘട്ടത്തിൽ ഭീമമായ തുകയടയ്ക്കാൻ കഴിയില്ലെന്നു പറഞ്ഞു.
ഇത്തരമൊരു നോട്ടീസ് ആദ്യമാണെന്നും പഴയ കുടിശികയടയ്ക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നും കർഷകർ പറഞ്ഞു. പാടശേഖരങ്ങളിൽ വെള്ളമില്ലാതെയും കളശല്യവും കാരണം നിരവധി കർഷകരുടെ വിള നശിച്ചു.
ചില പാടശേഖരങ്ങളിൽ ഒന്നാംവിള ഉഴുതുമറിച്ചു വീണ്ടും കൃഷിയിറക്കാനുള്ള ശ്രമത്തിലുമാണ്. ഇതിനിടെയാണ് ഇടിത്തീയായി കെ എസ്ഇബിയുടെ നോട്ടീസ്. കൃഷി ഓഫീസർ ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും കർഷകർ പറഞ്ഞു.
കെഎസ്ഇബി നടപ്പാക്കിയിരുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തി കുടിശികയുള്ളവർക്ക് പലിശയിനത്തിൽ ഇളവു ലഭിക്കുന്ന വിവരം അറിയിക്കുക മാത്രമാണ് നോട്ടീസിലൂടെ ചെയ്തിട്ടുള്ളതെന്നും ആരോടും നിർബന്ധപൂർവം തുകയടയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കെ എസ്ഇബി അധികൃതർ പറഞ്ഞു.