ജനവാസമേഖലയിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം
1338412
Tuesday, September 26, 2023 1:07 AM IST
പാലപ്പിള്ളി: കുണ്ടായി ചൊക്കന മേഖലയിൽ 50 ഓളം കാട്ടാനകൾ ഒന്നിച്ചെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.
തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്ക് സമീപത്തുള്ള തോട്ടത്തിലും ആദിവാസി കോളനിയിലേക്കുള്ള റോഡിലുമാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. 16 കുട്ടിയാനകളും കൂട്ടത്തിലുണ്ട്. ഇത്രയേറെ ആനകൾ ജനവാസമേഖലയിൽ ഒന്നിച്ചിറങ്ങുന്നത് ആദ്യമാണന്ന് നാട്ടുകാർ പറയുന്നു.
മൂന്നുദിവസമായി ഈ ആനക്കൂട്ടം പല ഭാഗങ്ങളിലായി നിലയുറപ്പിച്ചിരിക്കുകയാണ്. രാത്രിയിൽ പാഡികളുടെ അരികിൽ എത്തുന്ന കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട് ഭീതിയോടെയാണ് തൊഴിലാളികൾ കഴിയുന്നത്. ഉറക്കമുളച്ച് കാട്ടാനകളെ തുരത്തുകയാണ് ഇവർ. പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും ആനകളെ കാടുകയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും പലപ്പോഴും ഫലവത്താകാറുമില്ല. പകൽ സമയങ്ങളിൽ മുപ്ലി പുഴയിലും തോട്ടങ്ങളിലുമാണ് ആനകൾ ഇറങ്ങുന്നത്.
അതിരാവിലെ റബർ തോട്ടങ്ങളിൽ ടാപ്പിംഗിനായി ഇറങ്ങുന്ന തൊഴിലാളികളാണ് മേഖലയിൽ ഏറേയും. കാട്ടാനകളെകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന പ്രദേശവാസികളുടെ ഭീതിയകറ്റാൻ വനപാലകർ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നാണ് തോട്ടം തൊഴിലാളികളുടെ പരാതി.