പീച്ചി മേഖലയില്‍ സോളാര്‍ വേലി പൂര്‍ത്തിയായി: മന്ത്രി എ.കെ. ശശീന്ദ്രന്
1338158
Monday, September 25, 2023 1:38 AM IST
തൃശൂര്‍: പീച്ചി വന്യമൃഗ സങ്കേതത്തില്‍ നിന്ന് വാഴാനി, മച്ചാട് ഭാഗത്തേക്ക് ആന ഇറങ്ങുന്നത് തടയാന്‍ 1.6 കിലോമീറ്ററില്‍ നിര്‍മിച്ച തൂക്കുവേലിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
14.5 ലക്ഷം രൂപ ചെലവിലാണ് ഹാംഗിഗ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ കുതിരാന്‍ മേഖലയില്‍ ഉണ്ടാകാറുള്ള വന്യമൃഗശല്യം തടയാന്‍ ഒരു പരിധി വരെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടക്കുന്ന വന്യജീവി വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി കെ. രാജനും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. അടുത്തമാസത്തോടെ ചാലക്കുടി, വാഴച്ചാല്‍, അതിരപ്പിള്ളി മേഖലയില്‍ 108 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ തൂക്കുവേലി നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. '
1344.69 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്കായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. നബാര്‍ഡിന്റെ സഹായത്തോടെ വടക്കാഞ്ചേരിയില്‍ 120 ലക്ഷം രൂപ ചെലവില്‍ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസ് കം സ്റ്റാഫ് ക്വാര്‍ട്ടേഴ്സും പറവട്ടാനിയില്‍ 1162.72 ലക്ഷം രൂപ ചെലവില്‍ ഫോറസ്റ്റ് കോംപ്ലക്സിന്റെെ നിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മാറാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു.
ഇത്തവണത്തെ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്ഘാടന വേദിയായ സുവോളജിക്കല്‍ പാര്‍ക്ക് തെരഞ്ഞെടുത്തതും അതുകൊണ്ടാണ്. തൃശൂര്‍ മൃഗശാലയില്‍ നിന്ന് ദേശീയ പക്ഷിയായ മയിലിനെ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചുകൊണ്ടിയാരിക്കും വാരാഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക. തൃശൂരില്‍ നിന്നെത്തിക്കുന്ന മയിലിനെ മൃഗശാല മന്ത്രി കൂടിയായ ജെ. ചിഞ്ചു റാണിയില്‍ നിന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ. രാജന് ഏറ്റുവാങ്ങും. വാരാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ കെഎസ്ഇബി സബ്സ്റ്റേഷന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
വാരാഘോഷവുമായി ബന്ധപ്പെട്ട് വന്യജീവി മേഖലയിലെ പ്രഗല്ഭരായ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ദേശീയ സെമിനാര്‍ ഒക്ടോബര്‍ ആറിന് പീച്ചിയില്‍ നടക്കും. മനുഷ്യരും വന്യജീകളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനത്തിനകത്ത് എന്തൊക്കെ നടപടികള്‍ കൈക്കൊള്ളാനാവും എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുക.