ഷാജു വാലപ്പന്റെ കാരുണ്യം; സെലീന പ്രിയതമനെ അവസാനമായികണ്ടു
1337890
Saturday, September 23, 2023 11:58 PM IST
ഇരിങ്ങാലക്കുട: സാമ്പത്തിക ബുദ്ധിമുട്ടുമൂലം വൃദ്ധന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്ന ബന്ധുക്കള്‍ക്ക് കല്ലേറ്റുംകര സ്വദേശി ഷാജു വാലപ്പന് തുണയായി. ഈ മാസം അഞ്ചിനാണ് ആളൂര്‍ അരിക്കാടന്‍ ആന്റണി(68)യെ ബാംഗ്ലൂരിലെ കലാശിപ്പാളയയില്‍ ഒരു കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ടെത്തിയത്.
നാട്ടില്‍ ബന്ധുക്കളെ അറിയിച്ചുവെങ്കിലും ആരും എത്താത്തിനെതുടര്‍ന്ന് ബെന്നാര്‍ഘട്ടെ റോഡിലെ എഐആര്‍ ഹ്യുമാനിറ്റേറിയന്‍ വയോജനകേന്ദ്രത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ വൃദ്ധനെ പ്രവേശിപ്പിച്ചു. അവശതമൂലം അവിടെവച്ച് മരണം സംഭവിച്ചു. തുടര്‍ന്ന് ബാംഗ്ലൂര്‍ വിക്ടോറിയ ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ടി ഭാര്യയും സഹോദരങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകാരണം വീട്ടുകാര്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരേണ്ട എന്ന തീരുമാനത്തിലെത്തി. എന്നാല്‍, ഭാര്യ സെലീന അവസാനമായി തന്റെ ഭര്‍ത്താവിനെ കാണുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
സ്വന്തമായി വീടില്ലാത്ത് ഇവര്‍ സഹോദരങ്ങളുമായി ആലോചിച്ച് മറ്റത്തൂരുള്ള സഹോദങ്ങളുടെ വസതിയിലേക്കു കൊണ്ടുവരുവാന്‍ തീരുമാനിച്ചു. പരേതന്റെ ഭാര്യ ആളൂരിലെ സാമൂഹ്യപ്രവര്‍ത്തകനായ ബേബി ചാതേലിയോട് സഹായം അഭ്യര്‍ഥിക്കുകയും തുടര്‍ന്ന് വാലപ്പന് പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് ഷാജു വാലപ്പന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ആശുപത്രിയിലെ ചെലവുകളും വഹിക്കാമെന്ന് അറിയിച്ചു.
തുടര്‍ന്ന് ബാംഗ്ലൂരിലെ വിക്ടോറിയ ഹോസ്പിറ്റല്‍ അധികൃതരുമായി വാലപ്പന് കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കോ- ഒാര്‍ഡിനേറ്റര്‍ ജോസ് മാമ്പിള്ളി സംസാരിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ഇന്നലെ ആംബുലന്‍സ് വഴി രാത്രി നാട്ടിലെത്തിക്കുകയും ചെയ്തു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മറ്റത്തൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. മകന്: സിന്റോ.